'പപ്പൻ പ്രിയപ്പെട്ട പപ്പൻ'. ശബരിമല സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന്റെ അറസ്റ്റ് ഉടൻ. ചോദ്യം ചെയ്യൽ തുടരുന്നു. ക്യാപ്‌സ്യൂളുകൾ തേടി സി.പി.എം. വാസുവിനെ ന്യായീകരിച്ച കടകംപള്ളിയെ തള്ളി എം.വി ഗോവിന്ദൻ. സർക്കാരും സി.പി.എമ്മും വെട്ടിൽ. തദ്ദേശത്തിരഞ്ഞെടുപ്പിൽ അറസ്റ്റ് പ്രചാരണായുധമാക്കാൻ പ്രതിപക്ഷം

2019ല്‍ നടന്ന തിരിമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെയാണ് നടന്നതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

New Update
Untitled

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റ് ഉടനെന്ന് സൂചന. നിലവില്‍ പത്മകുമാറിനെ തലസ്ഥാനത്തുള്ള രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അദ്ദേഹത്തോട് എസ്.ഐ.ടി ആവശ്യപ്പെട്ടത്. 

Advertisment

രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തു. പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കുരുക്കിലാവുന്ന മുതിര്‍ന്ന സി.പി.എം നേതാവാണ് പത്മകുമാര്‍.


2019ല്‍ നടന്ന തിരിമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെയാണ് നടന്നതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.  

Untitled

സ്വര്‍ണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കടത്തി കൊണ്ടുപോകാനുള്ള എല്ലാ ഒത്താശം ചെയ്തത് പത്മകുമാറാണെന്നാണ് മൊഴികളില്‍ നിന്നും രേഖകളില്‍ നിന്നും തെളിഞ്ഞിരിക്കുന്നതെന്നും പറയപ്പെടുന്നു. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചനകളുണ്ട്. 

ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു എന്നിവരുടെ എല്ലാം മൊഴികളും പത്മകുമാറിനെ പ്രതിരോധത്തിലാക്കുന്നതാണ്. ഇതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചുകളിക്കുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നത്.

പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനായിരുന്ന കാലയളവില്‍ ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം ചെമ്പാക്കാന്‍ പത്മകുമാര്‍ കൂട്ടു നിന്നുവെന്നും ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ് അടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും തെളിയിക്കുന്ന മിനിറ്റ്സിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് പുറത്ത് വരുന്ന വിവരം.


പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴി നേട്ടങ്ങളുണ്ടാക്കിയെന്നും ബിനാമിയായി പ്രവര്‍ത്തിച്ചുവെന്നുമാണ് നിഗമനം. 2019ലെ ബോര്‍ഡിന്റെ മിനിറ്റ്സ് രേഖയിലാണ് സ്വര്‍ണ്ണം ചെമ്പെന്ന് രേഖപ്പെടുത്തി പുറത്ത് കൊണ്ട് പോയിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്.


തദ്ദേശത്തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ പത്മകുമാറിനെ ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ അറസ്റ്റ് ചെയ്യുന്നത് സി.പി.എമ്മിന് കടുത്ത തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അറസ്റ്റുണ്ടായാല്‍ ഇതിനെ ന്യായീകരിക്കാന്‍ ക്യാപ്സ്യൂളുകള്‍ മെനയുന്ന തിരക്കിലാണ് പാര്‍ട്ടിയുള്ളത്. പത്തനംതിട്ട മുതിര്‍ന്ന നേതാവായ പത്മകുമാറിനെ കൈ വിടാന്‍ സി.പി.എം തീരുമാനിക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്. 

മുമ്പ് സി.പി.എം നേതാവും മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍.വാസുവിന്റെ അറസ്റ്റ് ഉണ്ടാകുന്നത് വരെ ഉദ്യോഗസ്ഥ വീഴ്ച്ചയെന്നായിരുന്നു സി.പി.എമ്മിന്റെ ന്യായീകരണം. എന്നാല്‍ വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ ന്യായീകരണം പാളി. ഇതിനിടെ വാസുവിനെ ന്യായീകരിച്ച് മുന്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. 

Kadakampally-Surendran-1-768x421

തനിക്കറിയുന്ന വാസു കുറ്റക്കാരനല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കടകംപള്ളിയെ തള്ളി രംഗത്ത് വന്നിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നും കടകംപള്ളിയുടെ വാദം തനിക്കില്ലെന്നുമായിരുന്നു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. 


കോന്നി മുന്‍ എം.എല്‍.എയും നിലവില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് പത്മകുമാര്‍ എന്നത് സി.പി.എമ്മിനെ കുഴക്കുകയാണ്. പത്മകുമാറിനെ അറസ്റ്റ് ചെയ്താല്‍ അന്ന് ഒപ്പമുണ്ടായിരുന്ന അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടതായി വരും. ഇവരിലൂടെ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയിലേക്ക് അന്വേഷണം എത്തുമോ എന്നതും കണ്ടറിയേണ്ടതാണ്. ഈ വസ്തുതയും സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്.


ഇതിനിടെ ശബരിമലയിലെ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരത്തെ ബന്ധമുണ്ടെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ബാംഗ്ലൂരിലെ ജലഹള്ളി ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജോലി ചെയ്തിരുന്നു. ഇതേ ക്ഷേത്രത്തിന്റെ തന്ത്രി സ്ഥാനവും രാജീവരര് വഹിച്ചിട്ടുണ്ട്. അങ്ങനെ ഒരു ബന്ധവും പറയപ്പെടുന്നുണ്ട്. 

sabarimala

ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലടക്കം അഴിച്ചെടുക്കുമ്പോള്‍ തന്ത്രിയുടെ അനുമതി വേണ്ടതല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെ അനുമതി നല്‍കിയിട്ടുണ്ടോ എന്ന കാര്യവും ഇതുവരെ അന്വേഷണ പരിധിയില്‍ എത്തിയിട്ടില്ല. 

എന്നാല്‍ ശബരിമലയിലെ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് തന്ത്രിക്ക് വലിയ അധികാരങ്ങളില്ലെന്നും അത് ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നുമാണ് ഉയരുന്ന മറുവാദം. സവര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയില്‍ തന്ത്രി ഉള്‍പ്പെടുമോ എന്നുള്ള ആകാംക്ഷയും നിലനില്‍ക്കുകയാണ്.

Advertisment