'കൈപ്പട ചതിച്ചാശാനെ.' പത്മകുമാറിനെ കുടുക്കിയത് പച്ച മഷിയിലുള്ള സ്വന്തം കൈപ്പട. മറ്റ് ബോര്‍ഡ് അംഗങ്ങള്‍ അറിയാതെ പത്മകുമാര്‍ ബോര്‍ഡ് മിനിറ്റ്സില്‍ തിരുത്തല്‍ വരുത്തി. പച്ച മഷിയിലുള്ള തിരുത്തലില്‍ മുഴച്ച് നിന്നത് പത്മകുമാറിന്റെ കൈപ്പട. നിങ്ങള്‍ തേടിവരുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് പത്മകുമാര്‍

സ്വര്‍ണ്ണം ചെമ്പാക്കാനുള്ള അജന്‍ഡയാണ് ഇതിലൂടെ പുറത്ത് വന്നതെന്നാണ് എസ്.ഐ.ടി അനുമാനിക്കുന്നത്

New Update
Untitled

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകള്‍.  ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ സ്വര്‍ണ്ണപ്പാളികള്‍ ചെമ്പുപാളികളെന്ന് ബോര്‍ഡിന്റെ മിനിറ്റ്സില്‍ സ്വന്തം കൈപ്പട കൊണ്ട് എഴുതിയതാണ് പത്മകുമാറിന് വിനയായത്. 

Advertisment

സ്വര്‍ണ്ണം ചെമ്പാക്കാനുള്ള അജന്‍ഡയാണ് ഇതിലൂടെ പുറത്ത് വന്നതെന്നാണ് എസ്.ഐ.ടി അനുമാനിക്കുന്നത്. ദേവസ്വം മാനുവലിലെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയ്യില്‍ പാളികള്‍ കൊടുത്ത് വിടാന്‍ പത്മകുമാറാണ് ഇടപെട്ടതെന്നും ഇതിലൂടെ വ്യക്തമാകുന്നുണ്ട്.


സ്പോണ്‍സറായി വരാനുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷ താഴെ തട്ടില്‍ നിന്നും വരട്ടെ എന്ന് ബോര്‍ഡ് നിര്‍ദേശിച്ചതോടെ മുരാരിയില്‍ നിന്നും കത്തിടപാട് തുടങ്ങി. പോറ്റിക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ പത്മകുമാര്‍ നല്‍കിയെന്നാണ് ഉദ്യോഗസ്ഥമൊഴി. ബോര്‍ഡ് മിനുട്‌സില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ തിരുത്തല്‍ വരുത്തിയെന്നും എസ്‌ഐടി കണ്ടെത്തി. 

പച്ചമഷി കൊണ്ടാണ് തിരുത്തല്‍ വരുത്തിയത്. ഇത് നിര്‍ണായക തെളിവായി. ചിരിച്ചുകൊണ്ടാണ് പത്മകുമാര്‍ അന്വേഷണ സംഘത്തോട് സംസാരിച്ചത്. നിങ്ങള്‍ തേടിവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു എന്നാണ് എസ് ഐ ടിയോട് പറഞ്ഞത്.

Untitled


നേരത്തെ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിനെയും ചോദ്യം ചെയ്തപ്പോള്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പത്മകുമാര്‍ നിര്‍ദേശം നല്‍കിയതായി മൊഴി നല്‍കിയിരുന്നു. 


ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എങ്ങനെ പങ്കുചേര്‍ന്നു എന്നതു സംബന്ധിച്ച് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ മറുപടി നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ട്. തനിക്ക് മാത്രമായി ഇതില്‍ പങ്കൊന്നുമില്ല എന്നാണ് പത്മകുമാറിന്റെ നിലപാട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തീരുമാനമാണ് പ്രത്യേക അന്വേഷണ സംഘത്തിനുള്ളത്.

Advertisment