/sathyam/media/media_files/2025/10/13/a-padmakumar-2025-10-13-18-41-13.jpg)
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാക്കമ്മറ്റിയംഗവുമായ എ.പത്മകുമാറിനെതിരെ പാർട്ടി നടപടിക്ക് സാധ്യത.
സി.പി.എമ്മിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും പാർട്ടി പത്മകുമാറിനെ പുറത്താക്കിയേക്കും.
ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും.
അറസ്റ്റിലായ പത്മകുമാർ മുൻ ദേവസ്വം മ്രന്തി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്ന മൊഴി കൊടുത്തതിലും പാർട്ടി നേതൃത്വത്തിന് അമർഷമുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ തുടർ നടപടി സ്വീകരിച്ചതെന്നും അതേ തുടർന്നാണ് കട്ടിളപ്പാളികൾ ശബരിമലയിൽ നിന്നും പുറത്തേക്ക് കൊണ്ട് പോയതെന്നുമാണ് പത്മകുമാർ വ്യക്തമാക്കുന്നത്.
പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണ് ഫയൽ നീക്കം നടന്നതെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച പറ്റിയതെന്നും ഫയൽ നീക്കിയത് ഉദ്യോഗസ്ഥരൊണെന്നുമാണ് പത്മകുമാർ മൊഴി നൽകിയിട്ടുള്ളത്.
എന്നാൽ തന്റെ മുന്നിൽ ഒരു ഫയലും എത്തിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുന്നു.
ദേവസ്വം ബോർഡ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒന്നാണെന്നും മന്ത്രിയെന്ന നിലയിൽ താൻ ഇടപെടൽ നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
തത്വത്തിൽ പത്മ കുമാറിന്റെ മൊഴി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കിയിട്ടുണ്ട്.
അന്വേഷണസംഘത്തെ കടകംപള്ളി സുരേന്ദ്രനിലേക്ക് തിരിച്ചുവിടാൻ പത്മകുമാർ നീക്കം നടത്തിയെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൂടുതൽ കുരുക്കിലാക്കാൻ ശ്രമം നടത്തുന്ന പത്മകുമാറിനെ ഇനി കമ്മിറ്റികളിൽ തുടരാൻ അനുവദിക്കേണ്ടതില്ലെന്നാണ് ആലോചന.
ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പത്മകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുമെന്ന് എൽ.ഡി.എഫിന് ആശങ്കയുണ്ട്.
വാസുവിന്റെയും പത്മകുമാറിന്റെയും പാർട്ടി ബന്ധം ഒരുതരത്തിലും നിഷേധിക്കാൻ കഴിയാത്ത സി.പി.എം ആകെ കുരുക്കിലായിട്ടുണ്ട്.
പത്മകുമാർ അന്വേഷണ സംഘത്തിന് നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ നേതൃത്വത്തിലുള്ള കൂടുതൽ പേർ അന്വേഷണ വലയത്തിലേക്ക് വരുമോ എന്ന ആശങ്കയും ഇടത് രാഷ്ട്രീയവൃത്തങ്ങളിൽ വളരുന്നുണ്ട്.
തദ്ദേശത്തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയായാലും അത് ഫലത്തെ ബാധിക്കില്ലെന്നാണ് സി.പി.എം കരുതുന്നത്.
തൽക്കാലം ഇക്കാര്യം ചർച്ചയാകുമെങ്കിലും പ്രാദേശിക വിഷയങ്ങളിൽപ്പെട്ട് ഇത് ചർച്ചയല്ലാതാവുമെന്നും തെരെഞ്ഞെടുപ്പിന് ഇനിയും രണ്ടാഴ്ച്ച സമയമുണ്ടെന്നുമാണ് ഇടത്കക്ഷികളുടെ വിലയിരുത്തൽ.
നിലവിലെ അറസ്റ്റ് തിരിച്ചടി ഉണ്ടാക്കുമെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീണ്ടു പോകാതിരിക്കാൻ സഹായിക്കുമെന്നും തദ്ദേശത്തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ പാർട്ടി സംഘടനാ സംവിധാനത്തിലൂടെ പഴുതടച്ച പ്രചാരണം നടത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇതിനെ മറികടക്കാമെന്നാണ് സി.പി.എമ്മിൽ രൂപപ്പെട്ടിരിക്കുന്ന ധാരണ.
യു.ഡി.എഫും ബി.ജെ.പിയും പത്മകുമാറിന്റെ അറസ്റ്റും ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പ്രചാരണവിഷയമാക്കിയാൽ അതിനെ എങ്ങനെ ചെറുക്കണമെന്ന തന്ത്രത്തിനും സി.പി.എം രൂപം നൽകും.
സി.പി.എമ്മിനെതിരെ അമ്പലം വിഴുങ്ങികൾ എന്ന യു.ഡി.എഫിന്റെ പ്രചാരണം പാർട്ടിയെ അപ്പാടെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us