ഓർമ്മയും അക്രമവും നിശബ്ദതയും കൂട്ടിമുട്ടുന്നിടം; ബിരാജ് ദോഡിയയുടെ 'ഡൂം ഓർഗൻ' ബിനാലെയിൽ

New Update
Biraaj Dodiya

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ 2025-ൽ വർത്തമാനകാല ജീവിതം അക്രമത്തെയും നഷ്ടങ്ങളെയും ഓർമ്മകളെയും എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചിന്തയാണ് ബിരാജ് ദോഡിയയുടെ 'ഡൂം ഓർഗൻ' (DOOM ORGAN) എന്ന കലാപ്രതിഷ്ഠ. ആസ്പിന്‍വാള്‍ ഹൗസിലെ കയര്‍ ഗോഡൗണില്‍ ഒരുക്കിയിട്ടുള്ള പെയിന്റിംഗ്, ശില്പം, ഫോട്ടോഗ്രഫി എന്നിവയുടെ കൂടിച്ചേരലായ ഈ കലാസൃഷ്ടി, പരിചിതമെങ്കിലും അസ്വസ്ഥമാക്കുന്ന മറ്റൊരു ലോകത്തേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിരാജ് ദോഡിയ, ചായം പൂശിയ സ്റ്റീൽ ശില്പങ്ങൾ, ലിനൻ പെയിന്റിംഗുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ഉപയോഗിച്ചാണ് 'ഡൂം ഓർഗൻ' നിർമ്മിച്ചിരിക്കുന്നത്. ഒരു നിറഞ്ഞ കായികവേദിയുടെ (സ്പോർട്സ് അരീന) വലിയ ആരവവും മോർച്ചറിയുടെ കനത്ത നിശബ്ദതയും തമ്മിലുള്ള വൈരുദ്ധ്യമാണ് കലാസൃഷ്ടിയില്‍ പ്രധാനമായും കാണാനാവുക. ആഘോഷത്തെയും മരണത്തെയും ഒരേസമയം സൂചിപ്പിക്കുന്ന രണ്ട് വിപരീത സാഹചര്യങ്ങൾക്കിടയിലുള്ള സംഘർഷമാണ് സൃഷ്ടിയുടെ ആത്മാവ്.

'ഡൂം ഓർഗൻ' എന്നത് സാങ്കൽപ്പികമായ പുരാതന സംഗീത ഉപകരണമാണ്. അത് സമൂഹത്തിന്റെ ദുഃഖങ്ങളെ ആവാഹിക്കുകയും പേരില്ലാത്തവരുടെ ശബ്ദമായി മാറുകയും ചെയ്യുന്നു. ജയപരാജയങ്ങളെക്കുറിച്ചും, എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ചും, സാക്ഷികളെന്ന നിലയിൽ നമുക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും ഈ കലാപ്രതിഷ്ഠ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. തകർച്ചയ്ക്കും കരുതലിനുമിടയിലും, ആര്‍ത്തലയ്ക്കുന്ന കായിക ആഘോഷങ്ങൾക്കും മോർച്ചറിയുടെ നിശബ്ദതയ്ക്കുമിടയിലും സൃഷ്ടി സഞ്ചരിക്കുന്നു. കാലാകാലങ്ങളിൽ എങ്ങനെയാണ് ശരീരങ്ങളും ഓർമ്മകളും മായ്ച്ചുനീക്കപ്പെടുന്നതെന്നും ഓർമ്മിക്കപ്പെടുന്നതെന്നും ഇത് അന്വേഷിക്കുന്നുവെന്ന് ബിരാജ് ദോഡിയ പറയുന്നു.

1341-ലെ കേരളം നേരിട്ട മഹാപ്രളയത്തെക്കുറിച്ച് വായിച്ചത് ഈ പ്രോജക്ടിന്റെ പ്രധാന തുടക്കമായിരുന്നുവെന്ന് ബിരാജ് പറഞ്ഞു.  മുസിരിസിന്റെ തകർച്ചയെക്കുറിച്ചും കൊച്ചിയുടെ ഉദയത്തെക്കുറിച്ചും,  വിപരീത ശക്തികൾ എങ്ങനെയാണ് നമ്മുടെ യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങി. മെഡിക്കൽ സ്ട്രെച്ചറുകളും ബാസ്‌ക്കറ്റ്‌ബോൾ ബാക്ക്‌ബോർഡുകളും   ശാരീരികാവസ്ഥയുമായി  വ്യത്യസ്തമായ ബന്ധങ്ങൾ പുലർത്തുന്ന ഈ രണ്ട് വിപരീത രൂപകങ്ങളാണ് (motifs) ഈ കലാ പ്രതിഷ്ഠയുടെ കേന്ദ്രബിന്ദു. അവ രണ്ടും ചേർന്ന്  നിശ്ചലതയെയും നഷ്ടത്തെയും സൂചിപ്പിക്കുമ്പോൾ, മറ്റൊന്ന് വിജയത്തെയും ചലനത്തെയും അധികാരത്തെയുമാണ് അടയാളപ്പെടുത്തുന്നത്.

കാപ്പിരി ആരാധനാലയത്തിന്റെ അക്രമം നിറഞ്ഞ ചരിത്രവും, ആത്മാക്കൾ നമുക്ക് ചുറ്റുമുണ്ടെന്ന ആശയവും എന്നെ വല്ലാതെ സ്വാധീനിച്ചു.  തൻ്റെ സൃഷ്ടികളുടെ ഉപരിതലം ചായം പൂശിയിരിക്കുന്നത് അവിടെ കുഴിച്ചുമൂടപ്പെട്ട ചരിത്രങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കും വിധമാണെന്നും ബിരാജ് കൂട്ടിച്ചേർത്തു.

മെഡിക്കൽ സ്ട്രെച്ചറുകളെയും പോസ്റ്റ്മോർട്ടം ടേബിളുകളെയും അനുസ്മരിപ്പിക്കുന്ന ചായം പൂശിയ ലോഹ രൂപങ്ങളാണ് കാഴ്ചക്കാരെ ആദ്യം തന്നെ ആകര്‍ഷിക്കുന്നത്. ജീവിതത്തിലെ കരുതലിനെയും അതോടൊപ്പം ജീവിതാന്ത്യത്തെയും ഇവ സൂചിപ്പിക്കുന്നു. ഇതിനിടയില്‍ ഒറ്റപ്പെട്ട ബാസ്ക്കറ്റ്ബോൾ പോസ്റ്റുകളും കാണാം. മത്സരം, ജയം, തോൽവി തുടങ്ങിയ അനിവാര്യതയെ ഇത് പ്രതിനിധീകരിക്കുന്നു.

ചുമന്നെത്തിച്ച് പരിശോധന നടത്തി ഒടുവില്‍ മായ്ച്ചു നീക്കപ്പെടുന്ന മനുഷ്യശരീരങ്ങളെക്കുറിച്ച് ആരെല്ലാമാണ് ഓർമ്മിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഈ കാഴ്ച ഉയര്‍ത്തുന്നത്. ശരീരമാണോ ഭൂപ്രകൃതിയാണോ എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലുള്ളവയാണ് ഇതിനൊപ്പമുള്ള പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളും. മണ്ണിൽ നിന്ന് കുഴിച്ചെടുത്തതിന് സമാനമായ ഇത് കാലത്തിന്റെ പാളികൾക്കടിയിൽ നിന്ന് കണ്ടെടുക്കുന്ന ചരിത്രശേഷിപ്പുകളാണെന്ന്  പോലെ തോന്നിക്കും. ഓർമ്മകൾ എത്രത്തോളം ദുർബലമാണെന്നും അത് എപ്പോൾ വേണമെങ്കിലും മായ്ച്ചുനീക്കപ്പെടാമെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് കാഴ്ചയില്‍ നിറയുന്നത്.

കൊച്ചിയുടെ ഭൂപ്രകൃതി, വിശാലമായ കടൽ, കാപ്പിരിത്തറയിലെ ചുവരുകൾ, മുസിരിസിനെയും കൊച്ചിയെയും മാറ്റിമറിച്ച പ്രളയം എന്നിവയിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ് ദോഡിയ കൊച്ചി ബിനാലെയിലെ കലാപ്രതിഷ്ഠ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഫോൺ സ്ക്രീനുകളിലൂടെ നാം നിത്യവും കാണുകയും വിസ്മരിക്കുകയും ചെയ്യുന്ന, തകർക്കപ്പെട്ട മനുഷ്യശരീരങ്ങളുടെ ദൃശ്യങ്ങളെയും ഇത് പ്രതിനിധാനം ചെയ്യുന്നു. മറവിക്കെതിരായ ഓർമ്മകളുടെ പോരാട്ടമാണ് ഈ കലാസൃഷ്ടി എന്ന് നിസ്സംശയം പറയാം.

Advertisment
Advertisment