മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവറിനെ എഎപി പിന്തുണയ്ക്കില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി അൻവർ നൽകിയ പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ പിൻവലിച്ചത്.
അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി. പാർട്ടി ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിൽ അൻവർ സ്വതന്ത്രസ്ഥാനാർഥിയായാണ് മത്സരിക്കുക.
ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കേണ്ടന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താനും പരമാവധി സീറ്റുകളിൽ വിജയിക്കാനും പരിശ്രമിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദേശത്തിൽ പറയുന്നു.