കൊച്ചി ബിനാലെ ആറാം പതിപ്പ്: സ്കൂളുകളിൽ 'എ ബി സി ആർട്ട് റൂം' പ്രവർത്തനങ്ങൾ സജീവം

New Update
Pic..2

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന 'എ ബി സി ആർട്ട് റൂം' പദ്ധതി ശ്രദ്ധ നേടുന്നു. കുട്ടികളില്‍ സമകാലീന കലയോടുള്ള സർഗാത്മകത വളർത്തുക എന്ന ലക്ഷ്യത്തോടെ ആറ് സ്കൂളുകളിലും ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷൻ, മട്ടാഞ്ചേരിയിലെ ബാസ്റ്റിൻ ബംഗ്ലാവ് എന്നീ വേദികളിലുമായാണ് പരിപാടി നടക്കുന്നത്.

ഗോവയിലെ എച് എച് ആര്‍ട്ട് സ്പേസസുമായി ചേർന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയാണ് കൊച്ചി ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ഡിസംബര്‍ 12ന് ആരംഭിക്കുന്ന ഈ സമകാലീന കലാമേള 110 ദിവസത്തിനു ശേഷം മാര്‍ച്ച് 31 ന് സമാപിക്കും.

കുട്ടികളെ കലാകാരന്മാരാക്കി മാറ്റുക എന്നതിലുപരിയായി അവർക്ക് സ്വതന്ത്രമായ സർഗാത്മക അന്തരീക്ഷം ഒരുക്കുകയാണ് ആർട്ട് റൂം പദ്ധതിയുടെ ലക്ഷ്യമെന്ന് എബിസി (ആർട്ട് ബൈ ചിൽഡ്രൻ) പ്രോഗ്രാം മേധാവി ബ്ലെയ്സ് ജോസഫ് പറഞ്ഞു. ഓരോ സ്കൂളിലും വിഷ്വൽ ആർട്ടിസ്റ്റും തിയറ്റർ ആർട്ടിസ്റ്റും അടങ്ങുന്ന അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. താളവാദ്യങ്ങൾ, ചിത്രരചന, മത്സരസ്വഭാവമില്ലാത്ത കളികൾ, ആക്ഷൻ സോങ്ങുകൾ എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ രണ്ട് ദിവസമാണ് ക്ലാസുകൾ.

Advertisment

Pic..1


മട്ടാഞ്ചേരി ജിഎച്ച്എസ്എൽപി സ്കൂൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കുട്ടികൾക്കായി പാഠ്യേതര വിഷയങ്ങളിൽ ഊന്നിയുള്ള പരിശീലനമാണ് നൽകുന്നത്. സ്കൂളുകളിലെയും രണ്ട് ബിനാലെ വേദികളിലെയും പ്രദർശനങ്ങളോടെ പദ്ധതി സമാപിക്കും.

പഠനം രസകരമാക്കാനും കുട്ടികളിൽ സാമൂഹിക ബോധം വളർത്താനും പദ്ധതി സഹായിക്കുന്നുണ്ടെന്ന് മട്ടാഞ്ചേരി ജിഎച്ച്എസ്എൽപിഎസ് പ്രധാനാദ്ധ്യാപിക സുനിത സി.ആർ പറഞ്ഞു.  ദൃശ്യ-വേദി കലകളെ ഒരുമിപ്പിച്ചിട്ടാണ് ആർട്ട് റൂം പാഠ്യപദ്ധതി തയ്യാറാക്കിയത്.

ABC Logo

വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉദ്ദേശിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന്  എബിസി പ്രോഗ്രാം അസോസിയേറ്റ് നീതു കെ.എസ്, ഫെസിലിറ്റേറ്റർമാരായ ജിജി അജിത്, സാൽവിൻ ഫ്രാൻസിസ് എന്നിവർ ചൂണ്ടിക്കാട്ടി.

പശ്ചിമ കൊച്ചിയിലെ സ്കൂളുകൾക്ക് പുറമെ ആലപ്പുഴ കലവൂർ, ചാലക്കുടി വിജയരാഘവപുരം, മോഡൽ റസിഡൻഷ്യൽ സ്കൂൾ, നായരങ്ങാടി, ചാലക്കുടി എന്നിവിടങ്ങളിലും ആർട്ട് റൂം പ്രവർത്തിക്കുന്നുണ്ട്.

Advertisment