കുഞ്ഞിനെ കിട്ടിയതോടെ പോലീസ് അന്വേഷണം മന്ദഗതിയിൽ. കുഞ്ഞിനെ തട്ടിയെടുക്കാൻ തക്കവണ്ണം രക്ഷിതാക്കളുമായി വൈരാഗ്യത്തിന് കാരണമെന്ത് ? കുട്ടിയെ തിരിച്ചുകിട്ടിയതോടെ വീട്ടുകാർ വിവരങ്ങൾ തുറന്നുപറയുമോയെന്ന് പോലീസിനും ആശങ്ക. അബിഗേലിന്റെ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ഒ.ഇ.ടി പരീക്ഷാ തട്ടിപ്പിനും ബന്ധമോ?

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
l

കൊല്ലം: കൊല്ലത്തെ പൂയപ്പള്ളിയിൽ നിന്ന് തട്ടിയെടുത്ത ആറുവയസുകാരി അബിഗേലിനെ തിരിച്ചു കിട്ടിയതോടെ പ്രതികളെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം മന്ദഗതിയിലായി. 25 കിലോമീറ്റർ പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് അരിച്ചുപെറുക്കുന്നുണ്ടെങ്കിലും വിവരങ്ങൾ സമ്പൂർണമായി ലഭിച്ചിട്ടില്ല.

Advertisment

ഏതാനും പ്രതികൾ കസ്റ്റഡിയിലുണ്ടെന്നും മുഴുവൻ പേരെയും പിടിച്ച ശേഷമേ വിവരങ്ങൾ പുറത്തുവിടൂ എന്നൊക്കെയാണ് പോലീസുദ്യോഗസ്ഥർ പറയുന്നതെങ്കിലും ഇത് വിശ്വാസയോഗ്യമല്ല. പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണെന്നാണ് വിലയിരുത്തൽ.

എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ ഐ.ജിയും ഡി.ഐ.ജിയും എസ്.പിമാരുമടങ്ങിയ വമ്പൻ സംഘമാണ് അന്വേഷിക്കുന്നതെങ്കിലും ദിവസം മൂന്നായിട്ടും പ്രതികളെ പിടിക്കാനായിട്ടില്ല. തട്ടിക്കൊണ്ടുപോകലിന്റെ കാരണം കണ്ടെത്തിയാലേ പ്രതികളിലേക്ക് പോലീസിന് എത്താനാവൂ. അതിനുള്ള വിവരങ്ങൾ നൽകേണ്ടത് രക്ഷിതാക്കളാണ്.

കുട്ടിയുടെ പിതാവിനെ 2ദിവസം പോലീസ് ചോദ്യംചെയ്തിരുന്നു. രണ്ടാംദിവസം ചോദ്യംചെയ്യലിനിടെയാണ് കുഞ്ഞിനെ തിരിച്ചുകിട്ടയ വിവരം അറിയുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനൊപ്പമുള്ള രക്ഷിതാക്കളിൽ നിന്ന് പോലീസിന് പിന്നീട് വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല.


കുഞ്ഞിനെ തിരിച്ചുകിട്ടിയ സ്ഥിതിക്ക് രക്ഷിതാക്കൾ ഇനി വിവരങ്ങൾ വെളിപ്പെടുത്തുമോ എന്ന ആശങ്ക പോലീസിനുണ്ട്. വിവരങ്ങൾ അവർ നൽകിയില്ലെങ്കിലും സ്വന്തം നിലയിൽ കാരണം കണ്ടെത്തി കുറ്റവാളികളെ പിടിക്കാനാണ് പോലീസിന്റെ നീക്കം


ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോവാൻ തക്കവണ്ണം വൈരാഗ്യം രക്ഷിതാക്കളോട് ഉള്ലത് ആർക്കാണെന്നാണ് പോലീസ് തിരയുന്നത്. അബിഗേലിന്റെ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ഒ.ഇ.ടി പരീക്ഷാ തട്ടിപ്പിനും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. നഴ്സുമാർക്ക് യൂറോപ്പിലും മറ്റും ജോലിക്ക് പോവാനുള്ള യോഗ്യതാ പരീക്ഷയാണ് ഒ.ഇ.ടി.

ഈ പരീക്ഷയിൽ കൃത്രിമം നടന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. തട്ടിക്കൊണ്ടു പോകലിനു പിന്നിൽ പരീക്ഷാ തട്ടിപ്പ് സംഘത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. എന്നാൽ കുട്ടിയുടെ രക്ഷിതാക്കൾ ഇത്തരം വിവരങ്ങൾ പോലീസിന് നൽകിയിട്ടില്ല. എന്തായാലും രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് വഴിവച്ചതെന്നാണ് പോലീസും വിലയിരുത്തുന്നത്.


തട്ടിക്കൊണ്ടുപോകലിന് പിന്നിൽ  ആര്, എന്തിന്, അവർ എവിടെ എന്നുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടി നിൽക്കുകയാണ് പോലീസ്


അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാർ കല്ലുവാതുക്കൽ വഴി സഞ്ചരിച്ച് ചിറക്കര വരെ എത്തിയതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.  ചിറക്കരയിലെ ഏതെങ്കിലും ഇട റോഡുകൾ വഴി സഞ്ചരിച്ച് പ്രദേശത്തെ ഏതെങ്കിലും വീട്ടിലാകാം അന്ന് രാത്രി തങ്ങിയതെന്ന് സംശയത്തിൽ പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

തൊട്ടടുത്ത ദിവസം നീല കാറിലാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്ന് അബിഗേൽ പറഞ്ഞെങ്കിലും ഈ കാർ തിരിച്ചറിഞ്ഞിട്ടില്ല. ഈ കാറിന്റെ  ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. കുട്ടിയെ കണ്ടെത്തിയ ആശ്രാമം മൈതാനത്തിന് സമീപമുള്ളതിന് പുറമേ തട്ടിക്കൊണ്ടുപോകൽ സംഘം സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ വഴികളിലെയും ക്യാമറകൾ പരിശോധിക്കുന്നുണ്ട്.  

അഡീഷണൽ എസ്.പിമാർക്കാണ് ക്യാമറ പരിശോധന ഏകോപിക്കുന്നതിന്റെ ചുമതല. അബിഗേലിനെ തട്ടിക്കൊണ്ടുപോയത് പ്രൊഫഷണൽ അല്ലാത്ത ക്രിമിനൽ സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ നിഗമനം. പ്രൊഫഷണൽ സംഘമായിരുന്നെങ്കിൽ തെളിവുകൾ അവശേഷിപ്പിക്കാതെ സഹോദരൻ ജോനാഥനെയും തട്ടിക്കൊണ്ടുപോകുമായിരുന്നുവെന്ന് പോലീസ് വിലയിരുത്തുന്നു.

Advertisment