/sathyam/media/media_files/2025/03/01/LkAjOcozJXXeCIxe8ONc.jpg)
കൊച്ചി: വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു. ലക്ഷദ്വീപ് സ്വദേശി നസീറ ബീഗമാണ് കൊച്ചിയിൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്.
ലക്ഷദ്വീപിൽ നിന്നും ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗമാണ് ഇവരെ നെടുമ്പാശേരിയിൽ എത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു പ്രസവം.
ആംബുലൻസ് അത്താണി ജംഗ്ഷനിൽ എത്തിയപ്പോഴേക്കും യുവതിക്ക് പ്രസവവേദന കൂടി. ആംബുലൻസ് ഡ്രൈവറായ ലിനോയി പോൾ അപ്പോൾ തന്നെ സഹായത്തിനായി പൊലീസിനെ വിളിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് വാഹനങ്ങൾ നിയന്ത്രിച്ച് ആംബുലൻസ് കടത്തിവിടുമ്പോഴേക്കും പ്രസവം നടന്നിരുന്നു.
യുവതിയുടെ കൂടെയുണ്ടായിരുന്ന കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ഐഷാബി ആംബുലൻസിൽ വെച്ചു തന്നെ പ്രസവം എടുക്കുകയായിരുന്നു. പ്രസവ ശേഷം അമ്മയും കുഞ്ഞുമായി ആംബുലർസ് നേരേ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോയി.
പ്രസവസംബന്ധമായ സങ്കീർണത മൂലം കൂടുതൽ ചികിത്സയ്ക്കും പരിചരണത്തിനും ആയാണ് പ്രത്യേക ഹെലികോപ്റ്ററിൽ ലക്ഷദീപിലെ ആന്ത്രോത്തിൽ നിന്നും നസീറയെ കൊച്ചിയിൽ എത്തിച്ചത്. ഭർത്താവ് അബ്‌ദുൽ റഹ്മാനും ഉമ്മ ഹയറുന്നിസയും ഒപ്പമുണ്ടായിരുന്നു.
അമ്മയേയും കുഞ്ഞിനേയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us