കറുകച്ചാൽ ചമ്പക്കരയിൽ കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് വീണു ഒരാൾ മരിക്കാനിടയായ സംഭവം. അപകട സ്ഥലത്തു സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യം. രണ്ടു വർഷത്തിനിടെ ഉണ്ടായത് ആറ് അപകടങ്ങൾ

അപകടം നടന്ന സ്‌ഥലത്തിന്റെ നേരെ എതിർവശത്തെ ചമ്പക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അഖിൽ വർഗീസാണ് അപകട സ്ഥ‌ലത്തേക്ക് ആദ്യമെത്തിയത്.

New Update
Untitled

കോട്ടയം: ചമ്പക്കരയിൽ കാർ വിട്ടു തോട്ടിലേക്ക് വീണു ഒരാൾ മരിക്കാനിടയായ സംഭവത്തിൽ സ്ഥലത്തു സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യം. ആശ്രമം പടിയിലാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. 

Advertisment

രണ്ടു വർഷത്തിനിടെ ആറാമത്തെ അപകടമാണ് ഇവിടെ നടക്കുന്നത്. കാറും ഓട്ടോറിക്ഷകളുമെല്ലാം ഇവിടെ തോട്ടിലേക്ക് വീഴുന്നത് പതിവാണ്. അപകടങ്ങൾ പലത് ഉണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് വെക്കാനോ ബാരിക്കേഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാറല്ല. അപകട മുന്നറിയിപ്പായി നാട്ടുകാർ കെട്ടിയിരുന്ന റിബൺ നീക്കുകയും ചെയ്തിരുന്നു.


ദൂരസ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് അപകടക്കെണി അറിയില്ല. രാത്രികാലങ്ങളിൽ അപകട സാധ്യത വളരെ കൂടുതലാണ്. തോട്ടിൽ വെള്ളം ഉള്ള സമയത്താണെങ്കിൽ അപകടങ്ങൾ വൻ ദുരന്തത്തിനാകും വഴിവെക്കുക. രക്ഷാപ്രവർത്തനവും ദുഷ്കരമാകും. സുരക്ഷ ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ  ഒരുങ്ങുകയാണു നാട്ടുകാർ.

ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മംഗലാപുരം സ്വദേരി മുഹമ്മദ് ഷെമീമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. 


അപകടം നടന്ന സ്‌ഥലത്തിന്റെ നേരെ എതിർവശത്തെ ചമ്പക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അഖിൽ വർഗീസാണ് അപകട സ്ഥ‌ലത്തേക്ക് ആദ്യമെത്തിയത്. വലിയ ശബ്ദത്തോടെ കാർ ഇരുപതടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നെന്ന് അഖിൽ പറയുന്നു.


തോട്ടിലേക്ക് വീണ കാറിന്റെ ബംപർ തെറിച്ച് പോയി. എയർ ബാഗുകൾ തുറന്നില്ലെന്നും അഖിൽ പറയുന്നു. ഡ്രൈവർ സീറ്റിന്റെ അരികിൽ മുൻവശത്ത് തന്നെയാണ് അപകടത്തിൽ മരിച്ച മുഹമ്മദ് ഷെമീം ഇരുന്നത്.

ഓടിയെത്തിയ സമയത്ത് ഷെമീമിന് ബോധമുണ്ടായിരുന്നില്ല. ഡ്രൈവറുടെ വശത്തെ വാതിലിന്റെ ചില്ല് തകർത്താണ് ഇയാളെ 20 മിനിറ്റിനു ശേഷം പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment