ഒരു കാർ ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം, ജസ്‌ലിയയെ പോലെ ഇനിയും എത്ര ഇരകൾ. ശരിയായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല

ജനുവരി മാസത്തില്‍ 1578 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. 28 ലക്ഷം രൂപപിഴ ഇനത്തില്‍ ഈടാക്കി. വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു വര്‍ധിക്കുന്നത്.

New Update
Untitled

കോട്ടയം: ഒരു കാര്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം, വാഹനാപകടങ്ങള്‍ മനപ്പൂര്‍വമുള്ള കൊലപാതകമായി കണ്ട് അതിന് തക്കതായ ശിക്ഷ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Advertisment

ഒരോ ദിവസവും ചുരുങ്ങിയത് അഞ്ചു പേരെങ്കിലും നിരത്തുകളില്‍ വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെടുന്നുണ്ട്. അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനിയായ ജസ്ലി കാറിടിച്ചു മരിച്ചതിന്റെ ഞെട്ടല്‍ ഇനിയും ജനങ്ങള്‍ക്ക് മാറിയിട്ടില്ല.  


ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെപോയ കാറില്‍ സഞ്ചരിച്ചിരുന്നത് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് എന്നത് ഞെട്ടിക്കുന്നതാണ്. ജീവന്‍ രക്ഷിക്കേണ്ടവര്‍ തന്നെ ജീവന്‍ എടുക്കുന്ന അവസ്ഥ. ചാലാക്ക മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോര്‍ജ്, സഹപാഠി അക്ഷയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. 


സിറിയക് ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പിടിച്ചെടുത്തു. സിറിയക് ഇനിയും പോലീസിന് കീഴടങ്ങിയിട്ടില്ല. സമ്പന്ന കുടുംബത്തിലെ അംഗമായ സിറിയക്കിനെ തപ്പി പോലീസും നാടുനീളെ നടക്കുകയാണ്.

അപകടം നടന്ന് ആറു ദിവസം പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പിടികൂടിയാലും സിറിയക്ക് നിസാര ശിക്ഷയോടെ പുറത്തിറങ്ങും. മറ്റനേകം വാഹനാപകടങ്ങളില്‍ സംഭവിക്കുന്ന പോലെ ജസ്ലിയെ നമ്മള്‍ മറക്കുകയും ചെയ്യും.


പരിശോധനകളും നിര്‍ദേശങ്ങളും കര്‍ശനമാക്കുമ്പോഴും വാഹനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അപകട ഡ്രൈവിങ്ങും വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  കോട്ടയു ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ടു മാസങ്ങളിലായി ജില്ലയില്‍ നടന്ന അപകടങ്ങളില്‍ 20 കാല്‍നടയാത്രികര്‍ മരിച്ചതു വാഹനങ്ങള്‍ തട്ടിയാണ്. 25 ശതമാനമാണു വര്‍ധന.


ജനുവരി മാസത്തില്‍ 1578 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. 28 ലക്ഷം രൂപപിഴ ഇനത്തില്‍ ഈടാക്കി. വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു വര്‍ധിക്കുന്നത്.

5000 രൂപയാണു പിഴ ഈടാക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ അനധികൃത മോഡിഫിക്കേഷന്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ ഇനത്തില്‍ ജനുവരിയില്‍ 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സീബ്രാലൈനുകളിലും ക്രോസിങ്ങിലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന കേസുകളും നിരവധിയാണെന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഇത്തരത്തിലുള്ള കേസുകളുടെ തുടര്‍ നടപടി കോടതിമുഖേനയാണ്. 1000 രൂപ മുതല്‍ 3000 രൂപ വരെയാണു പിഴ ഈടാക്കുന്നത്.

ഫെബ്രുവരി വരെയുള്ള കണക്കില്‍ പിഴ ഇനത്തില്‍ ലഭിച്ച തുക 57,75,230 രൂപയാണ്. പിഴ ഇനത്തില്‍ ഈടാക്കിയ തുക ജനുവരി മാസത്തെക്കാള്‍ കൂടുതലാണ്. എ.ഐ കാമറ മുഖേനയുള്ള സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍ ഇവ ഒഴികെയുള്ള കണക്കാണിത്.


അനധികൃതമായി ബസ് റൂട്ട് മാറ്റിയോടിക്കല്‍, ഉദ്യോഗസ്ഥരെ കണ്ടാല്‍ വാഹനം നിര്‍ത്താതെ പോകുന്നവര്‍, വിദ്യാര്‍ഥികള്‍ക്ക് എസ്.ടി നല്‍കാതിരിക്കല്‍, ഹോണുകള്‍, സൈലന്‍സറുകള്‍ തുടങ്ങിയ കേസുകളും നിരവധിയാണ്.  ഈ മാസം അനധികൃത മോഡിഫിക്കേഷന് 89 കേസുകളും മീറ്റര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ പിടികൂടിയ 25 കേസുകളും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു.


ജില്ലയില്‍  വാഹനങ്ങള്‍ കൂട്ടയിടിച്ചുള്ള മരണത്തെക്കാള്‍, വാഹനങ്ങള്‍ തട്ടി ജീവന്‍ പൊലിയുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുകയാണ്. പെഡസ്ട്രിയല്‍ ക്രോസിംഗുകളിലാണ് അപകട വര്‍ധന്. സീബ്രാ ക്രോസിങ്ങില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് ഭീഷണിയാകുകയാണു വാഹനം ഓടിക്കുന്നവര്‍. 

സീബ്രാ ലൈന്‍ എത്തുമ്പോള്‍ വാഹനം വേഗത കുറയ്ക്കുകയോ റോഡ് മുറിച്ചു കടക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കായി ഒന്നരമീറ്റര്‍ ദൂരപരിധി പാലിച്ച് വാഹനം നിറുത്തുകയോ വേണമെന്നതാണു നിയമം. ഇവ പാലിക്കപ്പെടാറില്ല. ഇതു അപകടങ്ങളും മരണങ്ങളും വര്‍ധിക്കാന്‍ കാരണമാകുന്നു.

Advertisment