ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു ആണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരുടെ മരണമായിരുന്നു നേരത്തെ സ്ഥിരീകരിച്ചത്. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്
പരിക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുപ്പതടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞ ബസ് മരത്തില്‍ തട്ടിനില്‍ക്കുകയായിരുന്നു.
ഹൈവേ പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൊത്തം 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവര്‍ പറയുന്നത്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു
ഇന്നലെ വെളുപ്പിനെയായിരുന്നു ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ മാവേലിക്കര ഡിപ്പോയില്‍ തിരിച്ച് എത്തേണ്ടതായിരുന്നു.