മൂവാറ്റുപുഴയിൽ പിക്കപ്പ് വാന്‍ ഇടിച്ച് 10 വയസുകാരന് ദാരുണാന്ത്യം

New Update
accident-death-muvattupuzha

കൊച്ചി: മൂവാറ്റുപുഴ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ വീട്ടില്‍ മണിയുടെ മകന്‍ 10 വയസുള്ള കാശിനാഥന്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ മൂവാറ്റുപുഴ- തേനി റോഡില്‍ ആയിരുന്നു അപകടം.

Advertisment

കടയിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങവെ പിക്കപ്പ് വാന്‍ കാശിനാഥനെ ഇടിക്കുകയായിരുന്നു. കല്ലൂര്‍ക്കാട് നിന്നും മൂവാറ്റുപുഴയിലേക്ക് പൈനാപ്പിള്‍ കയറ്റി പോകുകയായിരുന്ന വാഹനമാണ് അപകടം ഉണ്ടാക്കിയത്.

അപകടം കണ്ട നാട്ടുകാര്‍ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഴക്കുളം ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കാശിനാഥന്‍. കല്ലൂര്‍ക്കാട് പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Advertisment