/sathyam/media/media_files/2025/08/13/idukki-acci-2025-08-13-21-13-53.jpg)
ഇടുക്കി: ഉടുമ്പന്‍ഞ്ചോല വട്ടക്കണ്ണിപാറയില്‍ മിനി ബസ് മറിഞ്ഞ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് 5നായിരുന്നു അപകടം.
ചെന്നൈയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈയില്‍ താമസമാക്കിയ സ്ത്രീകളും പുരുഷന്മാരുമടക്കം 19 പേരാണ് ബസ്സിനകത്ത് ഉണ്ടായിരുന്നത്.
കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ കൊടും വളവില്‍ വെച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. ബസ് പാതയോരത്തെ പോസ്റ്റില്‍ തട്ടിയ ശേഷം സമീപത്തെ മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സംഭവം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. ഡ്രൈവര്‍ ഉള്‍പ്പടെ 20 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
70 കാരിയായ മീരയ്ക്കാണ് സാരമായി പരുക്കേറ്റത്. പരിക്കേറ്റവരെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.