കോട്ടയം: വൈക്കം കല്ലറ റോഡില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു ഓട്ടോ ഡ്രൈവര്‍ക്കു ദാരുണാന്ത്യം.
വൈക്കം മുട്ടത്തിപ്പറമ്പ് ഉള്ളാടശേരില്‍ ജിബുമോനാ(47)ണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സുരമ്യയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.
അസുഖബാധിതയായ ഭാര്യ സുരമ്യയെയുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയ ശേഷം മടങ്ങി വരികയായിരുന്നു ജിബുമോന്‍. വൈക്കം കൊടുത്തുരുത്ത് ഭാഗത്ത് വച്ചു നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ഉഴത്തില്‍ ബേക്കറിയ്ക്കു സമീപത്തു വച്ചു മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്നു തെറിച്ചു വീണ ജീബുമോനെയും, ഭാര്യയെയും നാട്ടുകാര്‍ ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോറിക്ഷ തലകീഴായ് മറിഞ്ഞ സമയം ജിബുമോനെ ചെളിയില്‍ പുതഞ്ഞ അവസ്ഥയിയായിരുന്നു നാട്ടുകാര്‍ പുറത്തെടുത്തത്.
ഭാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്തു.