ഇടുക്കി: പൂപ്പാറയിൽ ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പൂപ്പാറ സ്വദേശി വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായത്.
രാത്രിയാണ് അപകടം ഉണ്ടായത്. എസ്റ്റേറ്റ് പൂപ്പാറക്ക് സമീപത്തായിട്ടാണ് അപകടം നടന്നത്. അമിത വേഗതയിൽ എത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ എത്തിയ ജീപ്പ് വിഷ്‌ണുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിഷ്ണുവിനെ മാറ്റുകയും ചെയ്തു. തലക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
വലത് കൈയുടെ അസ്ഥിക്കും പൊട്ടൽ സംഭവിച്ചിട്ടുണ്ട്, ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ വാഹനത്തിനായി ശാന്തൻപാറ പൊലീസ് രാത്രി മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
രാവിലെ രാജാക്കാട് നിന്നും വാഹനം പൊലീസ് കണ്ടെത്തി. എൻആർ സിറ്റി പള്ളിക്ക് സമീപം താമസിക്കുന്ന വള്ളിശ്ശേരിയിൽ ബിനോജിന്റെ KL 39 B 5314 എന്ന വാഹനമാണ് വിഷ്ണുവിനെ ഇടിച്ചത്. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാഹനത്തിന്റെ ചില്ല് കണ്ണിൽ പതിച്ചതിനെ തുടർന്ന് ബിനോജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.