മലപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് എയർബാഗ് മുഖത്തമർന്ന് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ റോഡിൽ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.
അപകട സമയത്ത് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസുകാരിയുടെ മുഖത്ത് എയർബാഗ് അമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസം മുട്ടിയിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.