/sathyam/media/media_files/2025/08/17/1000210752-2025-08-17-19-03-41.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. 42കാരനായ ഷാഫി ആണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. അഴീക്കോട് സ്വദേശിയാണ് ഷാഫി.
കഴിഞ്ഞ ഞായറാഴ്ച ആണ് നഗരത്തെ നടുക്കിയ അപകടം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടന്നത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ശ്രീപ്രിയ, സുരേന്ദ്രന്‍ എന്നിവര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. ആശുപത്രിയില്‍ ചികിത്സക്കെത്തിയ കൊല്ലം ശാസ്താംകോട്ട സ്വദേശി ആഞ്ജനേയന്‍ മെഡിക്കല്‍ കോളേജ് ഐസിയുവിലാണ്.
വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ കെ വിഷ്ണുനാഥ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ അലക്ഷ്യമായ ഡ്രൈവിങ് കാരണമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറിയത്.
ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനമോടിച്ച എ കെ വിഷ്ണുനാഥിന്റെ ലൈസന്‍സും വാഹനം ഓടിക്കാന്‍ പരിശീലിപ്പിച്ച വാഹനത്തില്‍ ഒപ്പം ഉണ്ടായിരുന്ന ബന്ധു വിജയന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.