/sathyam/media/media_files/OJoewWq9DKekYC2HuRGv.jpg)
കൊച്ചി: പീഡനാരോപണങ്ങള്‍ തള്ളി സോഷ്യല്‍ മീഡിയയില്‍ പ്രതികരണ കുറിപ്പുമായി എത്തിയ ജയസൂര്യയ്‌ക്കെതിരേ പരാതിക്കാരിയായ നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ പറഞ്ഞു.
ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താന്‍ ഉയര്‍ത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവര്‍ പറഞ്ഞു. ''വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഞാന്‍ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപമണമുയര്‍ന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്. ഞാന്‍ കേസ് അവസാനിപ്പിക്കുകയാണെങ്കില്‍ അത് എനിക്ക് ഒരിക്കലും നല്ലതായി വരില്ല'', അവര്‍ പറഞ്ഞു.
പീഡനം പോലെതന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ് എന്നായിരുന്നു ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഉയര്‍ന്നത്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ജയസൂര്യക്കെതിരെ രണ്ട് നടിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതി. ഇതിലൊരാളാണ് ഇപ്പോള്‍ ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ രം?ഗത്തെത്തിയത്.
2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍വെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍വെച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം. 2013-ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് മറ്റൊരു പരാതി.