നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ അത്ഭുതമില്ലെന്ന് അതിജീവിത. കേസ് വിധിയ്ക്ക് ശേഷം ഇതാദ്യമായി സമൂഹമാധ്യമത്തിലൂടെ പ്രതികരണം.. ട്രയല്‍ കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഓരോന്നായി അക്കമിട്ട് നിരത്തിയായിരുന്നു പ്രതികരണം

പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു.

New Update
depression

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ അത്ഭുതമില്ലെന്ന് അതിജീവിത. കേസ് വിധിയ്ക്ക് ശേഷം ഇതാദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഓരോന്നായി എണ്ണി പറയുകയാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പില്‍.

Advertisment

അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

''എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.

അതുപോലെ ഒന്നാം പ്രതി എന്റെ പേഴ്‌സണല്‍ ഡ്രൈവര്‍ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാള്‍ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല. 

2016 ല്‍ ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനില്‍ നിന്നും നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമാണ് അയാള്‍. 

ഈ ക്രൈം നടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാന്‍ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങള്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകള്‍ പറയുന്നത് നിര്‍ത്തുമെന്ന് കരുതുന്നു.

ഈ വിധി പലരേയും ഒരുപക്ഷെ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ എനിക്കിതില്‍ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു. 

കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് ഈ കോടതിയില്‍ തീര്‍ത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയേയും ബഹുമാനപ്പെട്ട സുപ്രീം കോടതിയേയും സമീപിച്ചിരുന്നു.

ഈ പ്രസ്തുത ജഡ്ജില്‍ നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹര്‍ജികളും പക്ഷെ നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇതിന്റെ അവസാനം ഞാന്‍ ചേര്‍ക്കുന്നുണ്ട്.

നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ''നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല''. തിരിച്ചറിയിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായീധപന്മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വതമുള്ള സകല മനുഷ്യരേയും ഞാന്‍ നന്ദിയോടെ ചേര്‍ത്തു പിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങള്‍ അത് തുടരുക. അതിനാണ് നിങ്ങള്‍ പണം വാങ്ങിയിരിക്കുന്നത്.

ഈ ട്രയല്‍ കോടതിയില്‍ എന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍:

* ഈ കേസില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്ന് തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.

* ഈ കേസില്‍ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവച്ചു. അവര്‍ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത് ഈ കോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് - അവര്‍ക്ക് ഈ കോടതിയില്‍ പക്ഷപാതം ഉണ്ടെന്ന തോന്നല്‍ ഉറപ്പായതിനാലാണ് അത്.

* മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം മാത്രമാണ് നല്‍കപ്പെട്ടത്.

* ഞാന്‍ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതി ഭാഗം ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതി ഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടര്‍ന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹര്‍ജിയില് കക്ഷി ചേര്‍ന്നു. ഇത് എന്റെ സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതായിരുന്നു.

* എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച്. ബഹുമാനപ്പെട്ട രാഷ്ട്രപതിയ്ക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകള്‍ അയക്കേണ്ടതായും വന്നിട്ടുണ്ട്.

* ഈ കേസിന്റെ നടപടികള്‍ ഓപ്പണ്‍ കോടതിയില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാന്‍ കഴിയുന്ന രീതിയില്‍ നടത്തണമെന്ന് ഞാന്‍ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ അപേക്ഷയും തീര്‍ത്തും നിഷേധിക്കപ്പെടുകയായിരുന്നു.

Advertisment