സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന മൂന്നു ലക്ഷം ഫയലുകളിൽ ഒന്നര ലക്ഷം തീർപ്പാക്കി. പരാതികൾ പരിശോധിക്കാനായി പ്രത്യേക പോർട്ടൽ ആരംഭിക്കും. അദാലത്തിന്റെ തുടർച്ചാ നടപടികൾ ഇങ്ങനെ

New Update
secretariate

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീർപ്പാക്കാനുണ്ടായിരുന്ന 3,05,555 ഫയലുകളിൽ 1,58,336 ഫയലുകൾ അദാലത്തിലൂടെ തീർപ്പാക്കിയതായി (52 ശതമാനം) മന്ത്രിസഭായോഗം അറിയിച്ചു. ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെയാണ് ഫയൽ അദാലത്ത് നടത്തിയത്.

Advertisment

ഫയൽ അദാലത്തിന്റെ മൊത്തം കണക്കുകളുള്ള അന്തിമ റിപ്പോർട്ട് പോർട്ടലിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും. അദാലത്ത് കഴിഞ്ഞെങ്കിലും ശേഷിക്കുന്ന ഫയലുകളുടെ പുരോഗതി റിവ്യൂ ചെയ്യുന്നതിനായി അദാലത്ത് പോർട്ടൽ തുടരും. പൊതുജനങ്ങളുടെ പരാതികൾ പരിശോധിക്കാനായി പ്രത്യേക പോർട്ടലും ആരംഭിക്കും.


അദാലത്തിന്റെ തുടർച്ചയായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മന്ത്രിസഭായോഗം അംഗീകരിച്ച നിർദ്ദേശങ്ങൾ.

1. ഫയൽ അദാലത്തിന്റെ മൊത്തം കണക്കുകളുള്ള അന്തിമ റിപ്പോർട്ട് പോർട്ടലിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും.

2. പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയ സെക്ഷൻ/സീറ്റ് തിരിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തി ഓരോ വകുപ്പിലെയും പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിക്കണം.

3. അദാലത്ത് നടപടികൾ അവസാനിക്കുന്നു എങ്കിലും ശേഷിക്കുന്ന ഫയലുകളുടെ തീർപ്പാക്കൽ പുരോഗതി നിരീക്ഷിക്കുന്നതിനും റിവ്യൂ ചെയ്യുന്നതിനുമായി അദാലത്ത് പോർട്ടൽ തുടരും.

4. ഓരോ വകുപ്പിന്റെയും സ്ഥാപനത്തിന്റെയും നോഡൽ ഓഫീസർമാർ ആ ചുമതലയിൽ തുടരേണ്ടതാണ്.

5. അദാലത്തിനു ശേഷം അവശേഷിക്കുന്ന ഫയലുകൾ പരമാവധി തീർപ്പാക്കാൻ നടപടികൾ സ്വീകരിക്കണം.

6. എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും പേഴ്സണൽ രജിസ്റ്ററുകളുടെ പരിശോധന മാനുവൽ പ്രകാരമുള്ള ഷെഡ്യൂൾ പ്രകാരം നടത്തേണ്ടതാണ്.

7. ഓരോ രണ്ടാഴ്ചയിലും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി റിവ്യൂ ചെയ്ത് നിർദ്ദേശങ്ങൾ നൽകേണ്ടതാണ്.

8. പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പ്/സ്ഥാപനമേധാവികൾ റിവ്യൂ ചെയ്യേണ്ടതാണ്. വകുപ്പ് സെക്രട്ടറിമാർ എല്ലാ മാസവും റിവ്യൂ ചെയ്യേണ്ടതുമാണ്.

9. ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പോർട്ടലിലെ മൊത്തത്തിലുള്ള തീർപ്പാക്കൽ പുരോഗതി സ്ഥിരമായ അജണ്ടയായി ഉൾപ്പെടുത്തി റിവ്യൂ ചെയ്യേണ്ടതാണ്.

10. അറുപത് ശതമാനത്തിൽ താഴെ ഫയലുകൾ തീർപ്പാക്കിയ വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ ഊർജ്ജിതമായി തുടരേണ്ടതാണ്. മൂന്നു മാസങ്ങൾക്ക് ശേഷം അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പുമന്ത്രി റിവ്യൂ ചെയ്യേണ്ടതാണ്.

11. അദാലത്ത് പോർട്ടൽ ഒരു സ്ഥിരം സംവിധാനമായി തുടരേണ്ടതാണ്.

12. 2025 ജൂലൈ മുതലുള്ള ഫയലുകൾ കൂടി അദാലത്ത് പോർട്ടലിലേക്ക് ഉൾപ്പെടുത്തേണ്ടതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തി.

13. പൊതുജനങ്ങളുടെ പരാതികൾ പരിശോധിച്ച് അത് പരിഗണിക്കാൻ കഴിയുന്നതാണോ, സമയം ആവശ്യമുള്ളവയാണോ എന്നുള്ള വിവരങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരനെ അിറയിക്കേണ്ടതാണ്. ഇതിനായി പ്രത്യേക പോർട്ടൽ ഏർപ്പെടുത്തുന്ന കാര്യം ഐ.ടി വകുപ്പ് പരിശോധിക്കേണ്ടതാണ്.

Advertisment