എഡിജിപി അജിത്തിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് വൈകും. എല്ലാ രേഖകളും പരിശോധിച്ച് പഴുതടച്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം. കവടിയാറില്‍ വീടുവയ്ക്കാന്‍ ഒന്നരക്കോടി വായ്പയെടുത്തതിന്റെ രേഖകളുമായി അജിത്ത്. ആഡംബര ഫ്‌ലാറ്റ് വാങ്ങി മറിച്ചു വിറ്റ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലും തെളിവില്ല. അജിത്തിനെതിരായ അന്‍വറിന്റെ പരാതി ചാപിള്ളയാവുമോ ?

സ്വത്തുക്കള്‍ വാങ്ങാന്‍ അജിത്ത് സര്‍ക്കാരിന്റെ അനുമതി നേടിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

New Update
pv anvar mr ajith kumar

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ അനധികൃത സ്വത്ത്, കൈക്കൂലി, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി അടക്കമുള്ള പരാതികളില്‍ അഡി. ഡിജിപി എം.ആര്‍ അജിത്കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് വൈകും. 

Advertisment

ആറുമാസം കാലാവധിയുള്ള പ്രാഥമിക അന്വേഷണമാണ് നിലവില്‍ അജിത്തിനെതിരേ വിജിലന്‍സ് നടത്തുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ വരെ സമയമുണ്ട്. 


അന്വേഷണം വേഗത്തിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രണ്ട് ഇടക്കാല റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെട്ട് അവ മടക്കി


p v anwar12

എല്ലാ വശങ്ങളും പരിഗണിച്ച് പഴുതടച്ചതും ആരോപണത്തിന് വഴിയൊരുക്കാത്തതുമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദ്ദേശം.

അജിത്തിന്റെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് എല്ലാ ബാങ്കുകള്‍ക്കും വിജിലന്‍സ് കത്ത് നല്‍കിയിരുന്നു. അക്കൗണ്ടുകളില്‍ ദുരൂഹമായ ഇടപാടുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളുടെയടക്കം സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷ്മപരിശോധന നടത്തുകയാണ്. 

സ്വത്തുക്കള്‍ വാങ്ങാനുള്ള പണം എങ്ങനെ ലഭിച്ചതാണെന്നും പരിശോധിക്കും. ഇതിനാണ് സമയം കൂടുതല്‍ വേണ്ടിവരിക. ബന്ധുക്കളുടെ വരുമാന മാര്‍ഗങ്ങളടക്കം ഇതിനായി പരിശോധക്കേണ്ടി വരും. ആരോപണ വിധേയമായിട്ടുള്ള മിക്ക സ്വത്തുവകകളും ബന്ധുക്കളുടെ പേരിലാണുള്ളത്.

സ്വത്തുക്കള്‍ വാങ്ങാന്‍ അജിത്ത് സര്‍ക്കാരിന്റെ അനുമതി നേടിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വാര്‍ഷിക സ്വത്തുവിവരം വെളിപ്പെടുത്തുന്ന കൂട്ടത്തില്‍ ഈ സ്വത്തുക്കള്‍ അജിത്ത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാല്‍ ആരോപണ വിധേയമായ സ്വത്തുക്കള്‍ അജിത്ത് മറച്ചുവച്ചിട്ടില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍


adgp ajith kumar

കവടിയാറിലെ വീട് നിര്‍മ്മാണത്തിന് എസ്.ബി.ഐയില്‍ നിന്ന് വായ്പയെടുത്തതിന്റെ രേഖകളും അജിത്ത് ഹാജരാക്കിയിട്ടുണ്ട്. ഇത് ഏത് കാലത്ത് എടുത്തതാണെന്നും വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നുമടക്കം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

ഇതുവരെയുള്ള വിജിലന്‍സിന്റെ അന്വേഷണത്തില്‍ അജിത്തിനെതിരേ ഗുരുതരമായ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ല.

ഡിവൈഎസ്പി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത തിരിച്ചുനല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചയ്ക്ക് വരാനാണ് അന്വേഷണ ഉദ്യോഗസ്ഥനുള്ള നിര്‍ദ്ദേശം. 


അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പരാതികള്‍ തെളിയിക്കാനുള്ള യാതൊരു രേഖകളും സമര്‍പ്പിച്ചില്ലെന്നും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്. കവടിയാറിലെ വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍നിന്ന് അജിത് 1.5 കോടി രൂപ വായ്പ എടുത്തതിന് രേഖകളുണ്ട്


ajith Untitled

വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. പൈതൃക പട്ടികയിലുള്ള സ്ഥലമായ കവടിയാറില്‍ വീട് നിര്‍മ്മാണത്തിന് അനുമതികള്‍ ലഭിക്കുന്നതിലെ കാലതാമസം കാരണമാണ് വീട് നിര്‍മ്മാണം വൈകിയത്. എസ്.ബി.ഐയെയും ഇക്കാര്യം അറിയിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലയ്ക്കു മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലന്‍സ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ രേഖകള്‍ വിശദമായി പരിശോധിക്കുകയാണിപ്പോള്‍. 2009ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപയ്ക്കു കരാര്‍ ഒപ്പിടുന്നത്. 

ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ല്‍ കമ്പനി ഫ്‌ലാറ്റ് കൈമാറി. പക്ഷേ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകി.

 m r ajith kumar


4 വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ലാണ്. വില്‍പനയ്ക്കു 10 ദിവസം മുന്‍പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്കു രജിസ്റ്റര്‍ ചെയ്തു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണു വീടിന്റെ വിലയില്‍ ഉണ്ടായത്. ഇക്കാര്യവും സര്‍ക്കാരിനെ അറിയിച്ചിരുന്നതായി രേഖകളുണ്ട്


കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. 

എന്നാല്‍ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്. 

മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. പക്ഷേ ഇക്കാര്യങ്ങളിലെല്ലാം എല്ലാ വസ്തുതകളും പരിശോധിച്ച് പഴുതടച്ച അന്വേഷണം നടത്താനാണ് വിജിലന്‍സ് മേധാവിയുടെ നിര്‍ദ്ദേശം.

Advertisment