Advertisment

സ്വർണക്കടത്ത്, ആളെക്കൊല്ലൽ അടക്കം ക്രിമിനൽ ആരോപണങ്ങൾ നേരിടുന്ന അജിത്ത്കുമാറിനെതിരേ സി.ബി.ഐ അന്വേഷണത്തിന് സാദ്ധ്യത. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് പരാതികൾ. പൊലീസിലെ ഉന്നതനെതിരേ പൊലീസ് അന്വേഷിച്ചാൽ സത്യം തെളിയില്ലെന്നുറപ്പ്. അൻവറിന്റെ ആരോപണത്തിലെ നേരറിയാൻ സി.ബി.ഐ വരുമോ

എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേ സി.ബി.ഐ അന്വേഷണത്തിന് സാദ്ധ്യത

New Update
adgp mr ajithkumar cbi

തിരുവനന്തപുരം: സ്വർണക്കടത്ത്, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെപ്പോലെ ക്രിമിനൽ പ്രവർത്തനങ്ങൾ, സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ആളെക്കൊല്ലിക്കൽ, അഴിമതി തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേ സി.ബി.ഐ അന്വേഷണത്തിന് സാദ്ധ്യത.

Advertisment

അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ സി.ബി.ഐയ്ക്ക് സ്വമേധയാ അന്വേഷിക്കാനാവും. മാത്രമല്ല, രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയാവുന്ന നടപടികളാണ് എ.ഡി.ജി.പിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഭരണകക്ഷി എം.എൽ.എയായ പി.വി അൻവർ വെളിപ്പെടുത്തിയത് ഇന്റലിജൻസ് ബ്യൂറോ അടക്കം കേന്ദ്രസർക്കാരിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


അജിത്കുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റി നിർത്തി സി.ബി.ഐ അന്വേഷണത്തിന് ഡി.ജി.പി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്.


 തിരുവനന്തപുരത്തെ പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യപരാതി നൽകിയിട്ടുള്ളത്. കൃത്യമായും വളരെ ഉത്തമ ബോധ്യത്തോടെയും, തെളിവുകളുടെ അടിസ്ഥാനത്തിലും തന്നെയാണ് തന്റെ വെളിപ്പെടുത്തലുകളെന്ന് പി.വി അൻവർ എം.എൽ.എ ആവർത്തിക്കുന്ന സാഹചര്യത്തിൽ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഡി.ജി.പി തന്നെ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.

പൊലീസിലെ ഉന്നതനെതിരായ ആരോപണം പൊലീസ് തന്നെ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി ഏതൊരു പൗരനും ഹൈക്കോടതിയെ സമീപിക്കാനാവും. നിലവിൽ പൊലീസുകാർ പ്രതികളായ കസ്റ്റഡി മരണക്കേസുകൾ സി.ബി.ഐയ്ക്ക് വിടുന്നുണ്ട്. പൊലീസിന് പുറമെ എക്സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ കസ്റ്റഡി പീഡന മരണക്കേസുകളും സി.ബി.ഐയാണ് അന്വേഷിക്കുന്നത്.

എന്നാൽ സംസ്ഥാന സർക്കാരിന്റെ ശുപാർശയുണ്ടെങ്കിലേ കേന്ദ്രത്തിന് സി.ബി.ഐയ്ക്ക് കേസന്വേഷണം ഏറ്റെടുക്കാനാവൂ. നേരത്തേ സി.ബി.ഐയ്ക്ക് അന്വേഷിക്കാനും കേസെടുക്കാനും പൊതുഅനുമതി സംസ്ഥാന സർക്കാർ നൽകിയിരുന്നതാണ്. എന്നാൽ ലൈഫ് മിഷൻ കേസിൽ സി.ബി.ഐ കേസെടുക്കാനുള്ള നടപടി തുടങ്ങിയതോടെ ആ അനുമതി സർക്കാർ പിൻവലിക്കുകയായിരുന്നു. ഇപ്പോൾ ഓരോ കേസെടുക്കാനും സി.ബി.ഐയ്ക്ക് സർക്കാരിന്റെ അനുമതി വേണം.

എന്നാൽ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുപ്രകാരം ഏതുകേസും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം. സേനാവിഭാഗങ്ങളുടെ കസ്റ്റഡിയിലിരിക്കെ മരണങ്ങളുണ്ടായാൽ അത് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരിയാനയിലെ കസ്റ്റഡിമരണക്കേസിൽ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡി മരണക്കേസുകളെല്ലാം സി.ബി.ഐയ്ക്ക് കൈമാറാൻ 2019ൽ സർക്കാർ തീരുമാനിച്ചിരുന്നു.

ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ഓരോ സംസ്ഥാനത്തും അന്വേഷണം നടത്താൻ സി.ബി.ഐ.ക്ക്‌ അതത്‌ സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്. 2017മുതൽ അന്വേഷണത്തിനും കേസിനും സി.ബി.ഐയ്ക്ക് പൊതുഅനുമതി മുൻകൂറായി നൽകിയിരുന്നു. ലൈഫ്കോഴക്കേസിൽ കേസെടുത്തതിന് പിന്നാലെ മന്ത്രിസഭായോഗം ഈ അനുമതി പിൻവലിക്കുകയായിരുന്നു.

ഇതോടെ ഓരോ കേസിനും സി.ബി.ഐയ്ക്ക് സർക്കാരിന്റെ അനുമതി ആവശ്യമായിവന്നു. സംസ്ഥാനസർക്കാരിന്റെ ശുപാർശയുണ്ടെങ്കിലേ കേന്ദ്രത്തിന് സി.ബി.ഐയെ കേസന്വേഷണം ഏൽപ്പിക്കാനാവൂ.  

കേസെടുക്കാനുള്ള സി.ബി.ഐയുടെ ഭൂരിഭാഗം അപേക്ഷകൾ സർക്കാർ നിരസിക്കുകയാണ്. വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് അടക്കം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുള്ള അഴിമതികൾ പോലും അന്വേഷിക്കാൻ സി.ബി.ഐയ്ക്കാവുന്നില്ല.

ദേശീയപാത നിർമ്മാണത്തിലെയും തോട്ടണ്ടി ഇറക്കുമതിയിലെയും അഴിമതി കേസുകളിലടക്കം കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയില്ല. നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊലക്കേസിൽ 9 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് ഒടുവിൽ നൽകിയത്. കേസിൽ പ്രധാന പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.

Advertisment