/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോഴിക്കോട്: താമരശ്ശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ വഴിത്തിരിവ്. വീസ തട്ടിപ്പിന് ഇരയായവര്‍ ചേര്‍ന്നാണ് കട്ടിപ്പാറ വേനക്കാവ് സ്വദേശി ആദിലിനെ തടഞ്ഞിട്ട് തല്ലിയത് . വീസ വാഗ്ദാനം ചെയ്തു പണം തട്ടുകയും, ഇതിന് ശേഷം പറ്റിക്കപ്പെട്ടവര്‍ ആദിലിനെ വട്ടമിട്ട് തല്ലുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കാറും പണവും ഇവര്‍ അപഹരിച്ചു.
വ്യാഴാഴ്ച രാത്രി പതിനൊന്നര മണിക്കായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തു നിന്നും തലയാട് ഭാഗത്തേക്ക് കാറില്‍ പോവുകയായിരുന്നു ആദില്‍. കട്ടിപ്പാറ പഞ്ചായത്ത് പരിസരത്ത് എത്തിയപ്പോള്‍ ഒരുപറ്റം ആളുകള്‍ ആദിലിനെ തടഞ്ഞിട്ടു. ലോറിയിലും കാറിലുമായിരുന്നു അക്രമികള്‍ എത്തിയത്. ആദിലിനെ വലിച്ചിഴച്ച് അക്രമികളുടെ കാറില്‍ കയറ്റി. ഒരു തെങ്ങിന്‍ തോപ്പില്‍ കൊണ്ടുപോയി കൂട്ടമായി തല്ലി.
ആദില്‍ സഞ്ചരിച്ച കാറും കയ്യില്‍ ഉണ്ടായിരുന്ന 75,000 രൂപയും രണ്ട് സ്വര്‍ണ മോതിരവും മൂന്ന് മൊബൈല്‍ ഫോണുകളും പ്രതികള്‍ കൈക്കലാക്കി. പത്തോളം പേര്‍ ചേര്‍ന്നായിരുന്നു മര്‍ദനവും അപഹരണവും. പിന്നാലെ ആദില്‍ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി. വിശദമായ മൊഴിയെടുത്ത പൊലീസ് മൂന്ന് പ്രതികളെ പിടികൂടി. ഷാജഹന്‍, നിസാര്‍, സജി എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍, മറ്റൊരു കുറ്റകൃത്യത്തിലേക്കുള്ള വഴിയാണ് പൊലീസിന് തുറന്നുകിട്ടിയത്. മര്‍ദനമേറ്റ ആദില്‍ വീസ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചവരാണ് പ്രതികള്‍. ഇവര്‍ക്ക് വീസ കിട്ടിയില്ല. എന്നാല്‍ പണം മടക്കി ചോദിച്ചപ്പോള്‍ അതും കിട്ടിയില്ല. പിന്നാലെയാണ് ആദിലിനെ അപായപ്പെടുത്താന്‍ തുനിഞ്ഞത്.
ദുബായിലേക്കായിരുന്നു വീസ വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു വേണ്ടി ഓരോ ലക്ഷം രൂപ വെച്ച് കൊടുത്തിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴി. ആദിലിനെതിരെ കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ സമാന പരാതിയുണ്ടെന്നും പൊലീസ് കണ്ടെത്തി. പരിക്കേറ്റ ആദില്‍ ഇപ്പോള്‍ ചികിത്സയിലാണ്.