/sathyam/media/media_files/2025/08/18/anayirakal-death-2025-08-18-20-51-55.webp)
അടിമാലി: ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയെ കാണാതായി. മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാമി (26) ആണ് കാണാതായത്.
ഇയാളോടൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന നാല് അതിഥി തൊഴിലാളികളും തുഴച്ചിൽക്കാരനും നീന്തി രക്ഷപ്പെട്ടു. വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്.
ആനയിറങ്കൽ ജലാശയത്തിന്റെ മറുകരയിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിൽ മറിഞ്ഞത്. ജലാശയത്തിന്റെ മുക്കാൽ ഭാഗത്തോളം എത്തിയപ്പോൾ ദുരന്തമുണ്ടായി. എല്ലാവരും കരയിലേക്ക് നീന്തിയെങ്കിലും സന്ദീപ് സിങ് റാം വെള്ളത്തിൽ മുങ്ങിപ്പോയി.
നാട്ടുകാർ ആദ്യം തിരച്ചിൽ ആരംഭിച്ചു. പിന്നാലെ മൂന്നാറിൽ നിന്നെത്തിയ അഗ്നിശമന സേനയും തിരച്ചിലിൽ പങ്കെടുത്തു. എങ്കിലും യുവാവിനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ കാരണം വൈകിട്ട് ആറുമണിയോടെ തിരച്ചിൽ നിർത്തിവച്ചു.
നാളെ തൊടുപുഴയിൽ നിന്ന് സ്കൂബ ടീം എത്തിയശേഷം തിരച്ചിൽ പുനരാരംഭിക്കും.