കാപ്പാട് ബീച്ച് മോടികൂട്ടാൻ നാല് കോടിയുടെ ഭരണാനുമതി

New Update
Kerala Tourism
കോഴിക്കോട്:  കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ച് മോടിപിടിപ്പിക്കുന്നിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 4 കോടി രൂപയുടെ ഭരണാനുമതി.

ചരിത്രപരമായും സാംസ്‌കാരികമായും പ്രാമുഖ്യമുള്ള മലബാറിന്റെ ഈ തീര മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച മള്‍ട്ടി-ഫേസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

ബീച്ച് ടൂറിസം കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായാണ് ഇത്തരം സൗകര്യങ്ങള്‍ കേരളത്തിലെ ബീച്ചുകള്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതിന് കാപ്പാട് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് 31 ന് ചേര്‍ന്ന വകുപ്പുതല പ്രവര്‍ത്തക സമിതി ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷം അനുമതിക്കായി ശുപാര്‍ശ ചെയ്തിരുന്നു.

ബീച്ച് പരിപാലിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനുമുള്ള പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 99.90 ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു.

ചുറ്റുമതില്‍, ഓപ്പണ്‍ വാള്‍, കാന്റീന്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, ലാന്‍ഡ്‌കേപ്പിംഗ്, സിവില്‍ ഇലക്ട്രിക്കല്‍ ജോലികള്‍, സോളാര്‍ പാനലുകള്‍ സ്ഥാപിക്കല്‍, ഇന്റര്‍ലോക്കിംഗ്, നിലവിലുള്ള കെട്ടിടങ്ങളുടെയും പൈപ്പ് ലൈനുകളുടെയും അറ്റകുറ്റപ്പണികള്‍, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങല്‍, മെക്കാനിക്കല്‍ ജോലികള്‍, പരസ്യം പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടപ്പാക്കുന്നത്.

കാപ്പാട് ബീച്ചിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.
Advertisment
Advertisment