അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി

New Update
8888

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ടൂറിസ്റ്റുകൾക്ക് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് നിർമ്മിക്കുന്ന യാത്രി നിവാസ് പദ്ധതിയുടെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. 2.08 കോടി രൂപയുടേതാണ് നിര്‍മ്മാണ പ്രവൃത്തികള്‍.

വാഴച്ചാൽ, അതിരപ്പിള്ളി, മലക്കപ്പാറ, വാൽപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന അതിഥികൾക്ക് മികച്ച താമസസൗകര്യം ഒരുക്കുകയാണ് യാത്രിനിവാസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. യാത്രി നിവാസ് നിർമ്മാണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾക്കായി മുൻപ് അഞ്ച് കോടി രൂപ വീതം ഭരണാനുമതി നൽകിയിരുന്നു. കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മുഖേന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.

മിതമായ നിരക്കില്‍ സഞ്ചാരികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനുള്ള ടൂറിസം-പൊതുമരാമത്ത്  വകുപ്പുകളുടെ ഉദ്യമങ്ങള്‍ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ടൂറിസം -പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കും സംസ്ഥാനത്തെ ടൂറിസം ആകര്‍ഷണങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.  

Advertisment

അതിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമെത്തുന്നവര്‍ക്ക് മിതമായ നിരക്കിൽ ലഭ്യമാകുന്ന യാത്രിനിവാസ് അനുഗ്രഹമാകും. ഇതോടൊപ്പം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും ഈ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജം പകരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യാത്രി നിവാസ് പൂർണ്ണമായി നിർമ്മിച്ച് അതിഥികൾക്കായി തുറന്നു കൊടുക്കുന്നതിനായി ആവശ്യമായ അധിക പ്രവൃത്തികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്  മൂന്നാം ഘട്ടം. പഴയ കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍, ലാന്‍ഡ് സ്കേപിംഗ്, തുടങ്ങിയ ജോലികളാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Advertisment