/sathyam/media/media_files/2025/08/04/untitledussadoor-gopalakrishnan-2025-08-04-13-11-48.jpg)
തിരുവനന്തപുരം: ചലച്ചിത്ര കോൺക്ലേവിന്റെ സമാപന വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങളിൽ എസ് സി - എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം ചുമത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതിയെത്തിയതോടെ സ്ഥിഗതികൾ രൂക്ഷമാവുകയാണ്.
സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ ആണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ സർക്കാരുമായി അടുപ്പമുള്ളതിനാൽ അടൂരിനെതിരേ കേസെടുക്കാൻ ഇടയില്ല. ദളിത് വിഭാഗത്തിൽ നിന്നുള്ള കൂടുതൽ ചലച്ചിത്ര പ്രവർത്തകർ അടൂരിനെതിരേ രംഗത്തെത്തുകയാണ്. കൂടുതൽ പരാതികൾ പോലീസിലെത്തിയേക്കാനും ഇടയുണ്ട്.
പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമായിരുന്നു അടൂർ നടത്തിയ പരാമർശം. എന്നാൽ ഈ പരാമർശത്തിൽ അടൂർ ഇന്നും ഉറച്ചുനിൽക്കുകയാണ്.
മുൻപരിചയമില്ലാത്ത പലർക്കും സിനിമയെടുക്കാൻ അവസരം നൽകുന്നുണ്ടെന്നും പലരും സിനിമയെടുക്കുന്നത് ക്യാമറാമാന്റെ ധൈര്യത്തിലാണെന്നും അടൂർ ഇന്ന് തുറന്നടിച്ചു. അറുപത് വർഷമായി സിനിമയിലുള്ള തനിക്ക് അഭിപ്രായം പറയാം.
സിനിമയിൽ താൻ വരത്തനല്ല. താൻ നടത്തിയത് ജാതി അധിക്ഷേപമെന്ന് മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. സർക്കാർ നൽകുന്ന പണം സൂക്ഷിച്ച് ചെലവാക്കേണ്ടതാണ്. സ്ക്രിപ്‍റ്റ് പരിശോധിച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്നും അടൂർ തുറന്നടിച്ചു. അതിനിടെ സർക്കാരിലും അടൂരിന്റെ പരാമർശത്തിൽ രണ്ടഭിപ്രായമാണ്.
അടൂരിനെ ന്യായീകരിച്ച് മന്ത്രി വി.എൻ.വാസവൻ രംഗത്തെത്തിയപ്പോൾ അതിരൂക്ഷമായി വിമർശിച്ച് മന്ത്രി ആർ.ബിന്ദുവും രംഗത്തെത്തി. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നായിരുന്നു അടൂർ ഇന്നലെ പറഞ്ഞത്.
അല്ലാതെ അവർക്കു ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരക്കോടി രൂപ വളരെ വലിയ തുകയാണ്. പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതാണെന്നും അടൂർ പറഞ്ഞു.
തന്റെ പരാമർശത്തിൽ വിശദീകരണവുമായി അടൂർ രംഗത്തെത്തിയതോടെ സ്ഥിതി കൂടുതൽ വഷളാവുമെന്ന മട്ടാണ്. തന്റെ പ്രസംഗത്തെ എഴുന്നേറ്റ് നിന്ന് വിമർശിച്ച ഗായിക പുഷ്പവതിക്ക് എതിരെയും അടൂർ രംഗത്തെത്തി.
തന്‍റെ സംസാരം തടസ്സപ്പെടുത്താൻ അവർക്ക് എന്ത് അവകാശമാണുള്ളതെന്നും അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും അടൂർ പറഞ്ഞു. സിനിമാ കോൺക്ലേവിൽ പാട്ടുകാരിക്ക് എന്ത് കാര്യം. ആരാണ് അവര്‍ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അടൂരിന്‍റെ രോഷ പ്രകടനം.
താൻ സംസാരിക്കുന്നതിനിടെ ഇടപെട്ട അവര്‍ക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ വരാൻ അവർക്ക് എന്ത് അധികാരമാണുള്ളത്? വഴിയെ പോകുന്നവർക്ക് എന്തും പറയാം എന്നാണോ?. ഇത് ചന്തയൊന്നുമല്ലെന്നും മന്ത്രി എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണൻ ചോദിച്ചു.
പിന്നാക്കവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഒന്നരക്കോടി ഗ്രാന്‍ഡ് നൽകുന്നത്. ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവര്‍ അല്ല അവര്‍. അതിനാലാണ് അവര്‍ക്ക് പരിശീലനമടക്കം നൽകണമെന്ന് പറഞ്ഞത്. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്നം.
അവര്‍ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കും. ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് ഒന്നരക്കോടിയെന്ന തുക വളരെ കൂടുതലാണ്. ആരും അധിക്ഷേപം നടത്തിയിട്ടില്ല.
താൻ ഇതുവരെ ഒന്നരക്കോടിയിൽ സിനിമ എടുത്തിട്ടില്ല. ഒന്നരക്കോടിയെന്നത് വലിയ തുകയാണ്. ഈ പണം എന്നത് സൂക്ഷിച്ച് ചെലവാക്കേണ്ടതാണ്. അതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. മുന്നൊരുക്കമില്ലാതെ സിനിമ എടുക്കുമ്പോഴാണ് ചിലവ് കൂടുന്നത്.
താൻ 30 ദിവസത്തിനുള്ളിൽ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കും. ഈ മാധ്യമത്തെക്കുറിച്ച് അറിവുള്ളതിനാലാണ് അനാവശ്യ ചിലവില്ലാതെ സിനിമ പൂര്‍ത്തിയാക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.
50 ലക്ഷം രൂപ വെച്ച് മൂന്നുപേര്‍ക്ക് നൽകിയാൽ അത്രയും പേര്‍ക്ക് അവസരം ലഭിക്കും. അത്തരമൊരു സാഹചര്യമാണ് ഒന്നരക്കോടി ഒരാള്‍ക്ക് നൽകുന്നതിലൂടെ ഇല്ലാതാക്കുന്നത്. ഒന്നരക്കോടി തികയുന്നില്ലെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല.
മുൻ പരിചയമില്ലാത്തവര്‍ക്കാണ് സഹായം നൽകുന്നത്. അവര്‍ക്ക് ഓറിയന്‍റേഷൻ നൽകണമെന്നാണ് പറഞ്ഞത്. തുക നൽകേണ്ടന്നല്ല പറഞ്ഞതെന്നും അത് സൂക്ഷിച്ച് ചെലവാക്കേണ്ടതാണെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.
സ്ക്രിപ്റ്റ് പരിശോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അത് മാത്രം നോക്കി എടുക്കുന്ന പടം പപ്പടം ആയിരിക്കുമെന്നും അടൂര്‍ ഗോപാലകൃഷ്ണൻ വിമര്‍ശിച്ചു. താൻ അവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അവര്‍ ഈ മേഖലയിൽ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമര്‍ശം നടത്തിയതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.
സിനിമ എടുക്കാൻ സർക്കാർ സഹായം നൽകുന്നതിൽ എതിർപ്പില്ല. പടം എടുത്തവർ മുഴുവൻ പരാതി പറയുകയാണ്. കെഎസ്എഫ്ഡിസി പണം എങ്ങനെയൊക്കെയോ ചെലവിടുകയാണ്. പിന്നാക്ക വിഭാഗക്കാർക്കും വനിതകൾക്കും വേണ്ടിയാണു സംസാരിച്ചത്.
താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സിനിമ കോണ്‍ക്ലേവിൽ സംസാരിച്ചപ്പോള്‍ ജാതിയെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് തെറ്റെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. ഓടും മുൻപ് നടക്കാൻ പഠിക്കണം.
അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോയെന്നും അടൂര്‍ ഗോപാലകൃഷ്ണൻ ചോദിച്ചു. നല്ല പരിശീലനം നടത്തിയാലെ നല്ല സിനിമ ഉണ്ടാകുകയുള്ളു. മന്ത്രിക്ക് ഇക്കാര്യം അറിയില്ല. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംവിധായകൻ ഡോ. ബിജു രംഗത്തെത്തി. പുറത്തുവന്നത് ഫ്യൂഡൽ ചിന്താഗതിയെന്ന് സംവിധായകൻ ഡോ. ബിജു വിമർശിച്ചു. അടൂരിനെ പോലുള്ളവർ കൂടുതൽ സാമൂഹിക ബോധ്യത്തോടെ പെരുമാറണം.
പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും മാത്രം പരിശീലനം എന്തിനാണെന്ന് ഡോ. ബിജു ചോദിച്ചു. ഇവർ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തിൽ നിന്നാണ് അടൂരിന്റെ വാക്കുകളെന്നും ഡോക്ടർ ബിജു പറഞ്ഞു. ദളിത്, സ്ത്രീ സംവിധായകർക്ക് സിനിമയെടുക്കാൻ ഗ്രാൻ നൽകാനുള്ള സർക്കാർ തീരുമാനം ധീരമാണെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ മധു പ്രതികരിച്ചു.
സർക്കാർ നയം ചലച്ചിത്ര വികസന കോർപ്പറേഷൻ പിന്തുടരും. അടൂർ ഗോപാലകൃഷ്ണനും ശ്രീകുമാരൻ തമ്പിയും ഗുരുസ്ഥാനീയരായതിനാൽ വിവാദപരാമർശങ്ങളിൽ കൂടുതൽ പറയുന്നില്ലെന്നും കെ മധു പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വിഎൻ വാസവൻ രംഗത്തെത്തി. അടൂരിൻ്റെ പരാമർശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും വളച്ചൊടിച്ചു വിവാദമാക്കിയെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സ്ത്രീകൾക്കും എസ്‍സി- എസ് ടി വിഭാഗങ്ങൾക്കുമൊപ്പമാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ഇന്നലെയാണ് സിനിമാ കോൺക്ലേവിൻ്റെ സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയത്.
അതേസമയം അടൂരിൻ്റെ പരാമർശത്തെ തള്ളിയാണ് മന്ത്രി ബിന്ദുവിൻ്റെ പ്രതികരണം. നീതി നിഷേധിക്കപ്പെട്ടവർക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലുണ്ട്. സ്ത്രീകൾക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്കും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നത് ആവശ്യമായ ഫണ്ട് സർക്കാർ നൽകുന്നതിൽ തെറ്റില്ല.
സിനിമ നിർമിക്കുക പണച്ചെലവേറിയ പ്രക്രിയയാണ്. അതിനായി ഫണ്ട് നൽകുന്നതിൽ ഒരു തെറ്റുമില്ല. സാംസ്കാരിക വകുപ്പിന്റെ ഏറ്റവും നല്ല പദ്ധതി ആണിത്. ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം ആണ്. അതിനു ബദൽ നോട്ടം വേണം. അതിനായുള്ള ഇടം നമ്മൾ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.