തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്ത്.
ചിലര്‍ മനപ്പൂര്‍വ്വം സര്‍വേ നടത്താന്‍ ശ്രമിക്കുന്നുവെന്നും, അത്തരം പ്രതികരണങ്ങള്‍ അനാവശ്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍വേയ്ക്ക് യാതൊരു ആധികാരികതയും ഇല്ലെന്നും, മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശശി തരൂര്‍ പങ്കുവെച്ച 'വോട്ട് വൈബ്' സര്‍വേയില്‍ 28.3% പേര്‍ തരൂരിനാണ് പിന്തുണ നല്‍കിയിരിക്കുന്നത്. 27% പേര്‍ യുഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വം പ്രകടിപ്പിച്ചു.
എല്‍ഡിഎഫില്‍ കെകെ ശൈലജയ്ക്ക് 24% പിന്തുണയും, പിണറായി വിജയന് 17.5% പിന്തുണയുമാണ്. എല്‍ഡിഎഫില്‍ അനിശ്ചിതത്വം 41.5% പേരാണ് ചൂണ്ടിക്കാട്ടിയത്.
പാര്‍ട്ടിയുടെ ചട്ടക്കൂടിലും തീരുമാനങ്ങളിലുമാണ് മുഖ്യമന്ത്രിയാരാവും എന്നത് നിര്‍ണ്ണയിക്കപ്പെടേണ്ടതെന്നും, വ്യക്തിപരമായ സര്‍വേകളും അഭിപ്രായങ്ങളും അതിന് ബാധകമല്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി.