/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
കൊച്ചി: ശബരിമലയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്‍റെ വരവ്-ചെലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്.
സ്പെഷ്യൽ കമ്മീഷണർ മുഖേന ദേവസ്വം ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ ഏകദേശം 53 ലക്ഷം രൂപയുടെ കുറവുള്ളതായാണ് പ്രാഥമികമായി ചൂണ്ടിക്കാട്ടുന്നത്.
വിഷയത്തിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് മറുപടി ആവശ്യപ്പെടുകയും കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തു.
2025 സെപ്റ്റംബറിൽ നടന്ന സംഗമത്തിന്‍റെ കണക്കുകൾ ഒരു മാസത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനുവരി 8-ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്.
പരിപാടിക്കായി സ്പോൺസർഷിപ്പ് വഴി 4.25 കോടി രൂപ ലഭിച്ചുവെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും ചെലവ് ഇതിലും വളരെ കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദേവസ്വം ബോർഡിന്‍റെ പണം എടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് തിരികെ അടയ്ക്കാമെന്ന വ്യവസ്ഥയിൽ രണ്ട് കോടി രൂപ ബോർഡ് ഫണ്ടിൽ നിന്നും വകയിരുത്തിയിരുന്നു.
എന്നാൽ ഈ തുക ഇതുവരെ തിരികെ അടച്ചിട്ടില്ലെന്നും പരിപാടിയുമായി ബന്ധപ്പെട്ട് മൂന്ന് കോടിയിലധികം രൂപയുടെ കടബാധ്യത നിലനിൽക്കുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.
ബില്ലുകളും വൗച്ചറുകളും ഹാജരാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച ഓഡിറ്റിംഗ് വൈകാൻ കാരണമായെന്നും ഊരാളുങ്കല്‍ സൊസൈറ്റി നൽകിയ ബില്ലുകളിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us