/sathyam/media/media_files/2025/09/18/shamsir-2025-09-18-17-17-49.jpg)
തിരുവനന്തപുരം: 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' എന്ന ഉത്തരത്തിലൂടെ വൈറലായ മൂന്നാം ക്ലാസുകാരന്‍ അഹാന്‍ നിയമ സഭയില്‍ അതിഥി.
ഇന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തിയ അഹാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ കണ്ടു.
മൂന്നാം ക്ലാസ് പരീക്ഷയിലെ അഹാന്റെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഷെയര്‍ ചെയ്തിരുന്നു. വാട്സ്ആപ്പില്‍ സ്റ്റാറ്റസായും ഇന്‍സ്റ്റ സ്റ്റോറിയായും റീലായും ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പുകളായും പിന്നീടത് വൈറലായി.
പരീക്ഷയില്‍ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയില്‍ 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' എന്ന വലിയ നിയമം അഹാന്‍ എഴുതിച്ചേര്‍ത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്‌കരിക്കാന്‍ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ക്ഷണിക്കുകയായിരുന്നു.
രാവിലെ സ്പീക്കറുടെ വസതിയിയായ 'നീതി'യിലെത്തിയ അഹാന്‍ സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടര്‍ന്ന് നിയമസഭയിലെത്തി സഭാ നടപടികള്‍ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്‌നേഹസമ്മാനങ്ങള്‍ നല്‍കിയാണ് അഹാനെ സ്പീക്കര്‍ യാത്രയാക്കിയത്.