കൊച്ചി: ഹോസ്പിറ്റല്‍ മാനേജ്മെന്റിലെ വിപ്ലവകരമായ മാറ്റങ്ങളും രോഗീ കേന്ദ്രീകൃത പരിചരണത്തിൽ കൈവരിച്ചിരിക്കുന്ന മുന്നേറ്റങ്ങളും ചർച്ച ചെയ്ത് എഎച്ച്പിഐയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ്. കൊച്ചി ലേ മെറിഡിയനിൽ നടന്ന് വന്നിരുന്ന ദ്വിദിന കോൺക്ലേവ് സമാപിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളോളം ആളുകൾ കോൺക്ലേവിൽ പങ്കെടുത്തു.
ക്ലിനിക്കൽ ലീഡർഷിപ്പ്, മെഡിക്കൽ സംബന്ധമായ പിഴവുകൾ ഒഴിവാക്കുന്നതിനായി മോണിറ്ററിങ്, രോഗനിർണ്ണയം തുടങ്ങിയവയിലെ അക്രഡിറ്റേഷന്റെ പ്രാധാന്യം, ചികിത്സാരീതികളിൽ ഡിജിറ്റൽ മുന്നേറ്റങ്ങളുടെ സംയോജനം, തൊഴിൽപരമായി ആരോഗ്യസേവന ദാതാക്കൾ നേരിടുന്ന വെല്ലുവിളികൾ, ക്ലിനിക്കൽ മികവിൽ നഴ്സുമാരുടെ പങ്ക്, നഴ്സുമാരുടെ തൊഴിൽശേഷി വികാസം തുടങ്ങിയ വിഷയങ്ങൾ കോൺക്ലേവിന്റെ രണ്ടാം ദിനത്തിൽ പ്രധാന ചർച്ചയായി.
കഹോ സെക്രട്ടറി ജനറൽ ഡോ. ലല്ലു ജോസഫ്, ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീനിയർ ഹെൽത്ത്കെയർ സ്ട്രാറ്റജിസ്റ്റും ക്വാളിറ്റി വിദഗ്ദ്ധയുമായ ഡോ. ആമിന മാലിക്, രാജഗിരി ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ഡോ. എലിസബത്ത് ഡേവിഡ് തുടങ്ങിയ ആരോഗ്യവിദഗ്ദ്ധർ ചർച്ചയിൽ പങ്കെടുത്തു.
95 ആശുപത്രികള്‍ക്ക് പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങളും കോണ്‍ക്ലേവില്‍ സമ്മാനിച്ചു. ഏതൊരു മേഖലയിലും മികവ് പുലർത്തേണ്ടത് അടിസ്ഥാന മാനദണ്ഡമാണെന്നും രാജ്യത്തുടനീളം കുറ്റമറ്റ ആരോഗ്യസേവങ്ങൾ ഉറപ്പാക്കാൻ അക്ഷീണം പരിശ്രമിക്കുന്ന എഎച്ച്പിഐയുടെ ശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് നിരവധി ആശയങ്ങൾ ചർച്ച ചെയ്യപ്പെടനുള്ളൊരു വേദിയായി കോൺക്ലേവ് മാറിയെന്നും എഎച്ച്പിഐയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയിലെ ആരോഗ്യ രംഗത്തെ കൂടുതൽ മികവുറ്റതാക്കാൻ സാധിക്കുമെന്നും എച്ച്പിഐ അഖിലേന്ത്യ പ്രസിഡന്റും കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.
രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍സണ്‍ വാഴപ്പിള്ളി (ഓര്‍ഗനൈസിംഗ് കോ. ചെയര്‍), കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് സിഇഒ രഞ്ജിത് കൃഷ്ണന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര (കോ. ചെയർ) എന്നിവരും ചടങ്ങിന്റെ ഭാഗമായി.