ഉള്ളടക്ക സൃഷ്ടിയില്‍ മനുഷ്യന് പകരമാകാനാകാന്‍ എഐയ്ക്ക് ആകില്ല- കണ്ടെന്റ് ക്രിയേറ്റര്‍മാര്‍

New Update
PIC 1CONTENT CREATERS

കൊച്ചി:രചനാ വേളയില്‍ എഴുത്തുകാരന്‍ വ്യക്തിപരമായി അനുഭവിക്കുന്ന അതുല്യമായ അനുഭവങ്ങള്‍ക്കും മാനുഷിക തലത്തിനും പകരമാകാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (എഐ) സാധിക്കില്ലെന്ന് തിരക്കഥാകൃത്ത് സഞ്ജയും (ബോബി-സഞ്ജയ്) സംവിധായകന്‍ ക്രിസ്‌റ്റോ ടോമിയും അഭിപ്രായപ്പെട്ടു. എന്നാല്‍ എഴുത്തില്‍ ഗവേഷണപരമായി എഐ ഉപകാരപ്പെടുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കളമശേരി ഇന്നോവേഷന്‍ ഹബ്ബില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലിലെ (കെഐഎഫ് 2025) ക്രിയേറ്റേഴ്‌സ് സമ്മിറ്റില്‍ 'ടുഡേയ്‌സ് സിനിമ: ഫ്രം സ്‌ക്രിപ്റ്റ് ടു സ്‌ക്രീന്‍' എന്ന സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

വിവിധ തലങ്ങളില്‍ നിന്നും വിശകലനം ചെയ്ത് സൂക്ഷിക്കുന്ന അറിവുകളാണ് എഐ തരുന്നതെന്നും ഇതിന് മാനുഷിക വികാരവുമായി ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. സിനിമയുടെ സാങ്കേതിക തലങ്ങളില്‍ നിര്‍ണായക ഇടപെടല്‍ നടത്താനാകുന്ന എഐയ്ക്ക് നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കാനാകുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ഒരു സിനിമയുടെ പ്രമേയവും സന്ദര്‍ഭവും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഒരു അഭിനേതാവിനെ എഐയിലൂടെ പുന:സൃഷ്ടിക്കുന്നത് നല്ലതാണെന്ന് നടി നിഖില വിമല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ റീല്‍സുകളും ഷോട്ട്‌സുകളും ഒരുപാട് പേര്‍ക്ക് സിനിമയിലേക്ക് കടന്നുവരാനുള്ള അവസരവും സാധ്യയുമൊരുക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സംരംഭകനും നിര്‍മ്മാതാവുമായ ടിആര്‍ ഷംസുദ്ദീന്‍ മോഡറേറ്ററായി.

സോഷ്യല്‍ മീഡിയയില്‍ ഉള്ളടക്കത്തിലെ ധാരാളിത്തമുള്ളതിനാല്‍ വിശ്വാസ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് 'കേരളാസ് ഓട്ടോ ക്രിയേറ്റേഴ്‌സ് ഓണ്‍ ദ ഫാസ്റ്റ് ട്രാക്ക്' എന്ന സെഷനില്‍ ഫ്‌ളൈ വീല്‍ ചീഫ് എഡിറ്റര്‍ ഹാനി മുസ്തഫ പറഞ്ഞു. ഓരോ കാലത്തും വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും അതിനനുസരിച്ച് ഉള്ളടക്കത്തില്‍ മാറ്റം വരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമോട്ടിവ് എന്തൂസിയാസ്റ്റുമാരായ മിയ ജോസഫ്, നജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ടെക്മാഗി ഫൗണ്ടറും സിഇഒയുമായ ദീപക് രാജന്‍ മോഡറേറ്ററായി.

സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് തിരിച്ചറിഞ്ഞ് കണ്ടെന്റ് നിര്‍മ്മിക്കുന്നതും അതിനായി സമയം ചെലവഴിക്കുന്നതും കണ്ടെന്റ് ക്രിയേറ്റിങ്ങില്‍ പ്രധാനമാണെന്ന് 'സ്‌കെയിലിങ് സ്റ്റോറീസ്: ദി ബിസിനസ് ഓഫ് ടെക് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സ്' എന്ന സെഷനില്‍ അഭിപ്രായമുയര്‍ന്നു. യാത്രികനും സംരംഭകനുമായ ബല്‍റാം മേനോന്‍, കണ്ടന്റ് ക്രിയേറ്റര്‍മാരായ അര്‍ജു, സെബിന്‍ സിറിയക് എന്നിവര്‍ ഈ സെഷനില്‍ സംസാരിച്ചു.

'ലൈഫ് ആന്‍ഡ് സ്റ്റൈല്‍: ബില്‍ഡിംഗ് ബ്രാന്‍ഡ്‌സ് ത്രൂ ഇന്‍ഫ്‌ളുവന്‍സ്' എന്ന സെഷനില്‍ സുനിത ശര്‍മ, മരിയ ഡൊമിനിക്, അമ്മു വര്‍ഗീസ്, അമിത ജോബിന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment