New Update
/sathyam/media/media_files/2025/07/31/trima-2025-2025-07-31-21-22-51.jpg)
തിരുവനന്തപുരം: എഐ വ്യാപനം ശക്തമാണെങ്കിലും സ്ഥാപനങ്ങളുടെ നിര്‍ണായക പ്രവര്‍ത്തനങ്ങളില്‍ ഇനിയും ഭാഗമായിട്ടില്ലെന്ന് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനായ ട്രിമ-2025 ല്‍ പങ്കെടുത്ത വിദഗ്ധര്‍.
എഐ ഉപയോഗം ഇന്നത്തെ ട്രെന്‍ഡാണ് എന്നാല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന സംവിധാനമായി ഇതുവരെയും അത് സ്വീകരിച്ചിട്ടില്ല. 'ടെക് ഡിസ്റപ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ എവല്യൂഷന്‍: എഐ ഓട്ടോമേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി 4.0' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പല കമ്പനികളും വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് എഐ പരീക്ഷിക്കുന്നുണ്ടെങ്കിലും പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഐബിഎം കൊച്ചി എക്സിക്യുട്ടീവ് ഡയറക്ടര്‍ വിനോദ് ഖാദര്‍ പറഞ്ഞു. എഐയ്ക്ക് വ്യക്തമായ നിയന്ത്രണ സംവിധാനവും വിശ്വാസ്യതയും വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങളുടെ ഫിന്‍ടെക് കമ്പനി വിലനിര്‍ണ്ണയിക്കുന്നതിനും നവീകരണത്തിനും സഹായിക്കുന്ന എഐ അധിഷിഠിത പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതായി സഫിനിലെ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും എംഡിയുമായ സുജ ചാണ്ടി പറഞ്ഞു. ഉപഭോക്താവിന്‍റെ ബാങ്കുമായുള്ള ബന്ധം നോക്കി ശരിയായ നിരക്കിലും ഓഫറുകളിലും ഉത്പന്നങ്ങള്‍ നല്‍കുന്നു. എഐയുടെ വേഗത അതിശയിപ്പിക്കുന്നതെങ്കിലും മനുഷ്യനോട്ടം ഇപ്പോഴും അതിന് മുകളിലായുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ലോജിസ്റ്റിക്സ് മേഖലയിലാണ് എഐ കൂടുതലായി ഉപയോഗപ്പെടുത്തുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. വെയര്‍ഹൗസ് രൂപകല്‍പ്പന, സ്റ്റോറേജ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. ഡീപ്ഫേക്ക് ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ വിദ്യാഭ്യാസം കൃത്യമായ ബോധവത്കരണം നിയമസംവിധാനങ്ങള്‍ എന്നിവ ഒത്തുചേര്‍ന്ന ശക്തമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐ അതിവേഗം വളരുന്ന സാങ്കേതികവിദ്യയാണെന്നും ഭാവിയില്‍ അത് മനുഷ്യബുദ്ധിയേക്കാള്‍ ശക്തമായേക്കാമെന്നും സെഷന്‍ നയിച്ച അവലോണ്‍ കണ്‍സള്‍ട്ടിംഗ് ചെയര്‍മാന്‍ രാജ് നായര്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച, നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തല്‍, വ്യവസായ-ഭരണ മേഖലകളിലെ മികച്ച രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ തങ്ങളുടെ ആശയങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവച്ചു.
'ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് - നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്' എന്നതായിരുന്നു 'ട്രിമ 2025' വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍റെ മുഖ്യ പ്രമേയം.