എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ പ്രമോഷന്‍, ഗൈഡ് ഷിപ്പ് എന്നിവ നല്‍കുന്നതില്‍ രാഷ്ട്രീയ വിവേചനമെന്ന് ആക്ഷേപം. അധ്യാപകരുടെ ഗൈഡ്ഷിപ്പ് അപേക്ഷകള്‍ ഒരു വര്‍ഷത്തിലധികം തടഞ്ഞു വെക്കുന്ന രീതി സിന്‍ഡിക്കേറ്റ് സ്വീകരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഗൈഡ് ഷിപ്പ് , പ്രമോഷന്‍ എന്നിവയില്‍ നടന്ന നിയമവിരുദ്ധ നടപടികളെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം.

സിന്‍ഡിക്കേറ്റ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് പകപോക്കല്‍ രാഷ്ട്രീയമാണെന്നാണ് ആരോപണം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
college-teacher

കോട്ടയം: എം.ജി. യൂണിവേഴ്‌സിറ്റി കീഴിലുള്ള എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ പ്രമോഷന്‍, ഗൈഡ് ഷിപ്പ് എന്നിവ നല്‍കുന്നതില്‍ തികഞ്ഞ രാഷ്ട്രീയ വിവേചനം ആണു യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് പുലര്‍ത്തിപോരുന്നതെന്ന് അധ്യാപക സംഘടനകള്‍. 

Advertisment

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യൂണിവേഴ്‌സിറ്റിയില്‍ ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കിയതിനു പിന്നിലുള്ള വിവേചനത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെ.പി.സി.ടി.എ.

സിന്‍ഡിക്കേറ്റ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് പകപോക്കല്‍ രാഷ്ട്രീയമാണെന്നാണ് ആരോപണം. പ്രമോഷന്‍, ഗൈഡ്ഷിപ്പ് അപേക്ഷകളിലെ തെറ്റുകള്‍ രേഖാമൂലം അറിയിക്കുന്നതിനുള്ള സംവിധാനം വേണം.

പലപ്പോഴും ഫയലുകള്‍ മാസങ്ങളോളം വിവിധ സെക്ഷനുകളില്‍ അനാവശ്യമായി താമസിക്കുന്നു. ഇക്കാര്യം അന്വേഷിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും വേണം.

ക്ലറിക്കല്‍ സ്വഭാവമുള്ള ജോലികള്‍ അനധ്യാപകജീവനക്കാര്‍ക്കു വീതിച്ചു നല്‍കാനുള്ള നടപടി (യോഗ്യതയുടെ അടിസ്ഥാനത്തില്‍, പരിശീലനം നല്‍കി) കൈക്കൊള്ളണം. അതിന് ആവശ്യമായ ഉത്തരവുകള്‍ വൈകാതെ പുറപ്പെടുവിക്കണം. 

 നാലുവര്‍ഷ ബിരുദ പദ്ധതിയുടെ ഭാഗമായി നിര്‍ദേശിച്ചിരിക്കുന്ന ഇന്റേണ്‍ഷിപ്പ് നിലവിലെ സാഹചര്യത്തില്‍ വളരെ അപ്രായോഗികമാണ്. കുട്ടികള്‍ക്ക് ഇതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. അനുയോജ്യമായ, നിലവാരമുള്ള സ്ഥാപനങ്ങള്‍ കുട്ടികള്‍ പഠിക്കുന്ന കോളേജുകളുടെ സമീപത്ത് കുറവാണ്. ഇതു പരിഗണിച്ച് ഇന്റേണ്‍ഷിപ്പ് നടപ്പാക്കുന്നതില്‍ ഉചിതമായ പരിഷ്‌കരണങ്ങള്‍ സ്വീകരിക്കണം. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ ഇന്റേണ്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടു നിരവധി അപാകതകളുണ്ട്. ക്യാമ്പ് ഡയറക്ടര്‍, ചെയര്‍മാന്‍. ചീഫ് തുടങ്ങിയവരെ തിരഞ്ഞെടുക്കുന്നതിനു യാതൊരു മാനദണ്ഡവുമില്ല. പലപ്പോഴും സീനിയേഴ്‌സിനെ മറികടന്നു ജൂനിയര്‍ അധ്യാപകര്‍ ഈ തസ്തികകളില്‍ എത്തുന്നതായി കാണുന്നു. മൂല്യനിര്‍ണയ ചുമതലകള്‍ രാഷ്ട്രീയമായി വീതം വയ്ക്കുന്നത് ഒഴിവാക്കണം എന്നീ ആവശ്യങ്ങളാണു കെ.പി.സി.ടി.എ. എം.ജി. മേഖല കമ്മിറ്റി ഉന്നയിക്കുന്നത്.

Advertisment