/sathyam/media/media_files/2025/03/24/2I3SYoSCvhqmU4UGHQOH.jpg)
തിരുവനന്തപുരം: എയിംസ് ആശുപത്രി എവിടെ വേണമെന്ന നിലപാടിൽ ബി.ജെ.പിയിൽ ഭിന്നത കടുക്കുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയ്ക്ക് വേണ്ടി വാശി പിടിക്കുമ്പോൾ പാർട്ടിയിലെ കരമന ജയൻ ഉൾപ്പെടുന്ന ഒരു വിഭാഗം തിരുവനന്തപുരത്ത് മതിയെന്ന നിലപാടിലാണുള്ളത്.
കേന്ദ്ര സർക്കാർ അനുവദിക്കുന്ന ആശുപത്രി തലസ്ഥാനത്ത് വേണമെന്ന നിലപാടിലാണ് പാർട്ടി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമുള്ളത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന സന്ദേശമാണ് സുരേഷ് ഗോപി നൽകുന്നത്.
നിലവിലെ പാർട്ടി നേതൃത്വവുമായും വിവിധ ഗ്രൂപ്പുകളുമായും സുരേഷ് ഗോപി ഭിന്നതയിലാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
എന്നാൽ മുരളിപക്ഷവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനുമായി അദ്ദേഹം ധാരണയിൽ എത്തിയിട്ടുണ്ടോയെന്നും പാർട്ടി നേതൃത്വം സംശയിക്കുന്നു.
ശോഭ സുരേന്ദ്രന്റെ പ്രവർത്തനമേഖലയായ ആലപ്പുഴ ജില്ലയിൽ എംയിസ് വേണമെന്ന വാശിപിടിക്കുന്നതിന് പിന്നിൽ ഇതാണെന്നും ചിലർ വാദമുയർത്തുന്നുണ്ട്.
തലസ്ഥാനത്ത് എയിംസ് വേണമെന്നുള്ള വാദമാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനുള്ളത്. എന്നാൽ പുതിയ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി മുരളീധരപക്ഷം ഭിന്നതയിലാണ്.
അവർക്കൊപ്പമുണ്ടായിരുന്ന വി.വി രാജേഷ്, എസ്.സുരേഷ് അടക്കമുള്ള നേതാക്കളാണ് രാജീവ് പക്ഷത്തേക്ക് നിലവിൽ കൂറു മാറിയിട്ടുള്ളത്.
ഇതിനിടെ എ.ഐ.സി.സി സംഘടനാ കാര്യങ്ങളുടെ ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ െക.സി വേണുഗോപാൽ സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.
കേന്ദ്രമന്ത്രിക്ക് പൂർണ്ണ പിന്തുണ വിഷയത്തിൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചതോടെ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ മാനങ്ങൾ മാറിമറിയുകയാണ്.
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി പാർട്ടി ലൈനിലല്ല പ്രവർത്തിക്കുന്നതെന്നും സിനിമാ ലോകത്തെ ഇടത് ബന്ധമുള്ള ചിലരാണ് അദ്ദേഹത്തിന് പിന്നിലെന്നുമാണ് പാർട്ടിയിൽ ഉയരുന്ന വാദം.
തൃശ്ശൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന സമയത്തും സുരേഷ് ഗോപിയോട് അന്നത്തെ പാർട്ടി നേതൃത്വത്തിന് തീർത്തും പ്രതിപത്തിയുണ്ടായിരുന്നില്ല.
എന്നാൽ കേന്ദ്രനേതൃത്വത്തിന്റെ കർശന നിർദ്ദേശവും ഇടപെടലും ഉൾക്കൊണ്ട് സംസ്ഥാന നേതൃത്വം സുരേഷ് ഗോപിക്കായി പ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നും മികച്ച ഭൂരിപക്ഷത്തിന് വിജയിച്ച ശേഷവും സുരേഷ് ഗോപിക്ക് കേന്ദ്രത്തിൽ ക്യാബിനറ്റ് പദവിയടക്കം ലഭിക്കാതെ പോയതിന് പിന്നിൽ പാർട്ടിയിലെ പടലപിണക്കമാണെന്നും സൂചനകളുണ്ട്.
അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിൽ വിശ്വാസം നഷ്ടപ്പെട്ടെന്നാണ് പറയപ്പെടുന്നത്.
നിലവിൽ എയിംസിന്റെ പേരിൽ പാർട്ടിയിലുണ്ടായിരിക്കുന്ന വിവാദത്തിൽ സുരേഷ് ഗോപിയെ നിലയ്ക്ക് നിർത്തണമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം.
ഇത് കേന്ദ്രനേതൃത്വത്തെ അവർ അറിയിക്കുകയും ചെയ്യും. കൃഷ്ണദാസ് പക്ഷം നിലവിൽ രാജീവിനൊപ്പമായതിനാൽ തന്നെ അവർ സംസ്ഥാന അദ്ധ്യക്ഷനൊപ്പം നിൽക്കാനാണ് കൂടുതൽ സാധ്യത.
എന്നാൽ മുരളീധരപക്ഷം വിഷയത്തിൽ നിസംഗത പാലിക്കുകയാണ്. ബി.ജെ.പിയിലെ തമ്മിലടി മൂലം എയിംസ് കേരളത്തിന് നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് സംസ്ഥാനത്തിനുള്ളത്.
എയിംസ് കോഴിക്കോട് സ്ഥാപിക്കാനാണ് സർക്കാർ സ്ഥലം നൽകിയത്. എന്നാൽ അനുവദിക്കപ്പെട്ട സ്ഥലം അനുയോജ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
ഇതിനിടെ കാസർകോടിനാണ് എയിംസ് അത്യാവശ്യമെന്നും ആശുപത്രി അവിടെ സ്ഥാപിക്കണമെന്നും വാദമുയർത്തി മണ്ഡലത്തിലെ എം.പിയായ രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തുണ്ട്.