/sathyam/media/media_files/2025/01/07/wdUvimCJk4enUOO9HYel.jpg)
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ വിമാനം വൈകിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും മസ്‌കറ്റിലേക്ക് 8.45 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയതിലാണ് യാത്രക്കാരുടെ പ്രതിഷേധം.
രാവിലെ അഞ്ചുമണിയോടെ എയര്‍പോര്‍ട്ടിനുള്ളില്‍ കയറിയപ്പോള്‍ ആയിരുന്നു വിമാനം വൈകുന്ന വിവരം യാത്രക്കാരെ അറിയിച്ചത്. വൈകിട്ട് ആറുമണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഇപ്പോള്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനൊടുവില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള 45 യാത്രക്കാരെ കഴക്കൂട്ടം കാര്‍ത്തിക പാര്‍ക്ക് ഹോട്ടലില്‍ എത്തിച്ചു.
എന്നാല്‍ എയര്‍ ഇന്ത്യ അത്തരത്തില്‍ ഒരു വിവരവും ഹോട്ടലിന് കൈമാറിയിട്ടില്ല എന്ന് ഹോട്ടല്‍ അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ ഹോട്ടലില്‍ പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ ഹോട്ടല്‍ അധികൃതര്‍ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടു.
ഇതിനുശേഷമാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഹോട്ടലിന് അറിയിപ്പ് നല്‍കിയത്. പിന്നാലെ 15 മുറികള്‍ യാത്രക്കാര്‍ക്ക് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. മസ്‌കറ്റില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട വര്‍ക്ക് കണക്ഷന്‍ വിമാന ടിക്കറ്റ് ഇതോടെ ഇവര്‍ക്ക് നഷ്ടപ്പെടും. വിസ കാലാവധി കഴിയുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.