/sathyam/media/media_files/2025/11/13/ajith-doval-narendra-modi-2025-11-13-12-44-32.jpg)
കോട്ടയം: ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിന്റെ ഭാഗമായുള്ള ഒരു കുറ്റവാളിയും രക്ഷപെടില്ല എന്ന് ഇന്ത്യൻ പ്രധാനമന്ത്രി ഉറപ്പ് പറയുമ്പോൾ അത് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടുള്ള വിശ്വാസ്യത കൂടിയാണ്.
ഭാരത സ്ത്രീകളുടെ നെറ്റിയിൽ നിന്നും മാഞ്ഞു പോയ സിന്ദൂരത്തിനു പകരമായി പാക് മണ്ണിൽ നിന്നും 13 വ്യോമ താവളങ്ങളും 9 ഭീകര കേന്ദ്രങ്ങളും മാഞ്ഞു പോയതിന്റെ പിന്നിലും അജിത് ഡോവലിൻ്റെ കൂർമ്മ ബുദ്ധിയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/13/ajith-doval-2025-11-13-12-47-13.jpg)
കാബിനറ്റ് പദവിയോടെ രണ്ടാം വട്ടവും പ്രധാനമന്ത്രി പരമപ്രധാന ദൗത്യമേല്പിച്ച ഡോവൽ ശത്രുക്കൾക്ക് പേടിസ്വപ്നമാണ്. 1968 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഈ ഉത്തരാഖണ്ഡുകാരൻ.
1971ൽ തലശേരി കലാപം അടിച്ചമർത്താൻ കെ. കരുണാകരൻ നിയോഗിച്ചത് കോട്ടയം എ.എസ്.പിയായിരുന്ന ഡോവലിനെയായിരുന്നു. ഡോവൽ ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം എല്ലാം നിയന്ത്രണ വിധേയമായി.
33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന ഡോവൽ പത്തു വർഷം ഐ.ബി ഓപ്പറേഷൻ വിഭാഗത്തിന്റെ മേധാവിയുമായിരുന്നു. പാകിസ്ഥാനെ മെരുക്കിയ ഉരുക്കുമുഷ്‌ഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാകിസ്ഥാൻ കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളിൽ അംഗമായിരുന്നു ഡോവൽ.
/filters:format(webp)/sathyam/media/media_files/2025/11/13/narendra-modi-ajith-doval-2025-11-13-12-47-26.jpg)
1980 കളിൽ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡോവൽ പ്രവർത്തിച്ചിരുന്നു. 'ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ രാജ്യം ഇടപെടേണ്ടത്' എന്നാണത്രേ അന്ന് പാകിസ്ഥാനും ഐ.എസ്.ഐയും വിചാരിച്ചിരുന്നത്. നമ്മുടെ കാലഘട്ടത്തിലെ മികവേറിയ ഉദ്യോഗസ്ഥനാണ് ഡോവൽ.
ഇന്ത്യയുടെ സുരക്ഷക്ക് വെല്ലുവിളി ഉയർത്തികൊണ്ട് പാകിസ്ഥാൻ ആണവായുധ പരീക്ഷണം നടത്തുന്ന 70 കളിൽ അവരുടെ ഗവേഷണ കേന്ദ്രം കണ്ടെത്തുവനായി 7 ഓളം വർഷങ്ങൾ മുസ്ലിം വേഷത്തിൽ റിക്ഷ ഡ്രൈവർ ആയും, ഭിക്ഷക്കാരനായും, ബാർബർ ആയും പാകിസ്ഥാനിൽ ജീവിച്ചു ഒടുവിൽ പാകിസ്ഥന്റെ ആണവായുധ വിവരങ്ങളെല്ലാം ചോർത്തിയെടുത്തു മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.
1988 ൽ ഖാലിസ്താൻ തീവ്രവാദികൾ സുവർണ ക്ഷേത്രത്തിൽ ആയുധങ്ങളുമായി അതിക്രമിച്ചു കയറി ഇന്ത്യയോട് വിലപേശവേ, ക്ഷേത്രത്തിനു മുൻപിൽ റിക്ഷ തൊഴിലാളിയായി, സംശയസ്പദമായി വേഷം മാറി നടന്നു ഒടുവിൽ ഭീകരന്മാർക്ക് മനഃപൂർവം പിടി കൊടുത്തു.
/filters:format(webp)/sathyam/media/media_files/2025/11/13/suvarna-temple-2025-11-13-12-55-27.jpg)
അവരുടെ അടുത്തെത്തി താൻ പാകിസ്ഥാന്റെ ഏജന്റ് ആണെന്നും ക്ഷേത്രം തകർത്ത ശേഷം അവരെയെല്ലാം പാകിസ്ഥാനിലേക്ക് കടക്കാൻ സഹായിക്കാം എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി, അവരുടെ വിശ്വാസം കവർന്ന ശേഷം ക്ഷേത്രത്തിനകത്ത് ഒളിച്ചിരിക്കുന്ന ഭീകരന്മാരെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കി ഇന്ത്യൻ ആർമിക്ക് വിവരങ്ങൾ കൈമാറി.
അതോടൊപ്പം ക്ഷേത്രത്തിനകത്തേക്ക് ബോംബുകൾ കൊണ്ടുവന്ന പാക് ചാരനിൽ നിന്നും അവ വാങ്ങി കൈക്കലാക്കി നിർവീര്യമാക്കിയ ശേഷം ഭീകരർക്ക് കൈമാറി അവരുടെ എല്ലാ പ്ലാനുകളെയും തകർത്തു.
സുവർണ ക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ' ഡോവലിന് രണ്ടാമത്തെ വലിയ സൈനിക ബഹുമതിയായ 'കീർത്തിചക്ര' നേടിക്കൊടുത്തു. കീർത്തിചക്ര നേടുന്ന ആദ്യ പോലീസുദ്യോഗസ്ഥനാണ് ഡോവൽ.
മിസോ നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി സംഘടനയെ ഛിന്നഭിന്നമാക്കി മിസോറം ഇന്ത്യയോടു കൂട്ടിച്ചേർത്തതിന് പിന്നിലും ഡോവലിന്റെ തലച്ചോറാണ്. എയർ ഇന്ത്യാ വിമാനം റാഞ്ചിയ താലിബാൻ ഭീകരരുമായി വിലപേശാൻ കാണ്ഡഹാറിലേക്കയച്ചതും ഡോവലിനെയാണ്. 41 തീവ്രവാദികളെ വിട്ടുകിട്ടണമെന്ന ആവശ്യം മൂന്നാക്കി കുറച്ചത് ഡോവലിന്റെ മിടുക്ക്. ഡോവലിന്റെ പ്രവർത്തനങ്ങൾ പോലീസ് പാഠ്യപദ്ധതിയിലുമുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/13/ajith-doval-2-2025-11-13-12-56-51.jpg)
അതിർത്തി മേഖലയിൽ പെടുന്ന കേരളത്തിൽ സുരക്ഷാ ഏകോപനത്തിന് ഡോവൽ രഹസ്യമായി എത്താറുണ്ട്. പാകിസ്ഥാൻ കരസേനാ മേധാവി റഷീൽ ഷരീഫ് കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ സ്വകാര്യ ചടങ്ങിനെന്ന മട്ടിൽ ഡോവൽ തിരുവനന്തപുരത്ത് പറന്നിറങ്ങി.
കന്യാകുമാരിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെന്നാണ് എല്ലാവരോടും പറഞ്ഞത്. ഐ.ബി, റോ ഉദ്യോഗസ്ഥർ കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി ഡോവലിനെ കണ്ടു. തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം വഴി ശ്രീലങ്കയിൽ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം അടയ്ക്കുകയായിരുന്നു ഡോവലിന്റെ ലക്ഷ്യം.
ഈസ്റ്റർ ദിനത്തിൽ ചാവേർ സ്‌ഫോടനങ്ങളിൽ ശ്രീലങ്കയിൽ ചോരപ്പുഴയൊഴുകിയപ്പോൾ ഡോവലിന്റെ ദീർഘ വീക്ഷണത്തിന്റെ ഗുണം രാജ്യം കണ്ടു. ഡോവലിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ പഴുതുകൾ കണ്ടെത്താൻ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയിരുന്നു.
ഇപ്പോൾ ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിന്റെ ഭാഗമായുള്ള ഒരു കുറ്റവാളിയും രക്ഷപെടില്ല എന്ന് പ്രധാനമന്ത്രി ഉറപ്പ് പറയുമ്പോൾ, ജനങ്ങൾ ആ വാക്കു വിശ്വസിച്ചു കുറ്റവാളികൾക്കുള്ള അന്ത്യവിധിക്കു കാത്തിരിക്കുന്നതും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനം ഡോവൽ അലങ്കരിക്കുന്നതു കൊണ്ടു കൂടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us