/sathyam/media/media_files/2025/04/17/0sOj3fiYoFQ2UINJaJ7L.jpg)
തിരുവനന്തപുരം: മുഖ്യമ്രന്തി പിണറായി വിജയന്റെ വിശ്വസ്തനായ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ കേസുകളിൽ നിന്നും ഊരിയെടുക്കാൻ സർക്കാർ രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി പൂരം കലക്കൽ, എ.ഡി.ജി.പി പി.വിജയൻ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുൻ പൊലീസ് മേധാവി ദർവേഷ് സാഹിബ് അജിത് കുമാറിനെതിരെ നൽകിയ രണ്ടു റിപ്പോർട്ടുകൾ സർക്കാർ മടക്കി അയച്ചു.
നിലവിലെ ഡി.ജി.പി റാവാഡ ചന്ദ്രശേഖറിനോടു വിഷയങ്ങൾ പരിശോധിച്ച് പുതിയ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ടുകൾ മടക്കിയിരിക്കുന്നത്. പൂരം കലക്കലിൽ എ.ഡി.ജി.പിക്ക് വീഴ്ച്ചയുണ്ടെന്ന റിപ്പോർട്ടായിരുന്നു മുൻ ഡി.ജി.പി നൽകിയിരുന്നത്. എന്നാൽ അത് തള്ളിയതോടെ ഈ കേസിൽ നിന്നും ഒഴിവാക്കിയെടുക്കാനുള്ള സർക്കാരിന്റെ നീക്കമായി ഇത് വ്യഖ്യാനിക്കപ്പെടുന്നുണ്ട്.
വിവാദമായ കരിപ്പൂരിലെ സ്വർണ്ണക്കടത്തുമായി പി.വിജയന് ബന്ധമെന്നായിരുന്നു അജിത്കുമാർ ഡി.ജി.പിക്ക് മൊഴി നൽകിയിരുന്നത്. ഇതിനെതിരെയായണ് വിജയൻ പരാതി നൽകിയിരുന്നത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഐ.ജിയായിരിക്കെ വിജയന് പങ്കുള്ളതായി അന്നത്തെ മലപ്പുറം എസ്.പി സുജിത് ദാസ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അജിത്തിന്റെ മൊഴി.
ഡി.ജി.പി ഇത് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളിലൂടെ മൊഴി പുറത്ത് വന്നതോടെ സുജിത് ദാസ് തന്നെ ഇത് തള്ളി രംഗത്തെത്തുകയായിരുന്നു. തുടർന്ന് വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് മുൻ ഡി.ജി.പി നൽകിയ റിപ്പോർട്ടും സർക്കാർ തിരിച്ചയച്ചു.
അതിനിടെ, അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരെ അജിത്കുമാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും അപ്പീൽ നൽകാനിരിക്കുകയാണ്. ക്ലീൻ ചിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും മുൻപ് മുഖ്യമന്ത്രി അംഗീകരിച്ചതിനെ കോടതിവിധിയിൽ വിമർശിച്ചിരുന്നു.
വിജിലൻസിന്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു
കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നൽകിയ ഹർജിയിലെ ആവശ്യം.
നിലവിൽ പൂരം കലക്കൽ സംബന്ധിച്ച് അജിത് കുമാറിന്റെ വീഴ്ച്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് തള്ളിയിട്ടും ഈ വിഷയങ്ങൾ ഉയർത്തിയ സി.പി.ഐയും പാർട്ടി നേതാക്കളും മൗന വ്രതത്തിലാണ്. പൂരം കലക്കൽ സംഭവിച്ചതാണ് സി.പി.ഐ തൃശ്ശൂർ ലോക്‌സഭാ സീറ്റിൽ പരാജയപ്പെടാൻ കാരണമെന്നും പാർട്ടി സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് നടന്ന നിയമസഭാ സമ്മേളനത്തിൽ നിലവിലെ റവന്യൂ മന്ത്രിയും തൃശ്ശൂർ സ്വദേശിയുമായ കെ. രാജനും പൂരം കലക്കിയത് തന്നെയാണെന്ന് നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി.
വിഷയങ്ങളുണ്ടായപ്പോൾ മന്ത്രിയെന്ന നിലയിൽ എ.ഡി.ജി.പിയെ ബന്ധപ്പെടാൻ താൻ ശ്രമിച്ചുവെന്നും അദ്ദേഹം ഫോണെടുക്കാൻ തയ്യാറായില്ലെന്നും രാജൻ പറഞ്ഞിരുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷി കൂടിയായ സി.പി.ഐയുടെ എതിർപ്പിന് പുല്ലുവില കൽപ്പിച്ചാണ് അജിത് കുമാറിന്റെ കേസുകൾ ഇല്ലാതാക്കാൻ ആഭ്യന്തര വകുപ്പിന്റെ നീക്കമുള്ളത്.