തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച് ആഭ്യന്തര സെക്രട്ടറി. ഗുരുതര കൃത്യവിലോപം കാട്ടിയ അജിത്കുമാറിനെതിരെ നടപടിവേണമെന്ന ശുപാർശയടക്കമാണ് റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. ഡി.ജി.പിയായിരുന്ന ഷെയ്ക്ക് ദർവേഷ് സാഹിബ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ആഭ്യന്തര വകുപ്പ് മുഖ്യമ്രന്തിക്ക് കൈമാറിയിട്ടുള്ളത്.
പൂരം കലക്കൽ വിഷയത്തിൽ എം.ആർ. അജിത്കുമാറിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്നായിരുന്നു പ്രധാനമായും അന്വേഷിച്ചത്. സ്ഥലത്തുണ്ടായിട്ടും പൂരം അലങ്കോലപ്പെട്ട സന്ദർഭത്തിൽ ഇടപെട്ടില്ല എന്നതാണ് ഷേക്ക് ദർവേഷ് സാഹിബ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സംഭവസമയത്ത് ക്രമസമാധാന ചുമതലയിലുള്ള എ.ഡി.ജി.പി ആയിരുന്നു അജിത് കുമാർ. ഇത്രയും ഗൗരവതരമായ വിഷയം നടന്നിട്ടും ഇടപെടാതിരുന്നത് ഗുരുതര കൃത്യവിലോപമായാണ് ഷേക്ക് ദർവേഷ് സാഹിബ് റിപ്പോർട്ടിൽ കണക്കാക്കിയിട്ടുള്ളത്.
ഔദ്യോഗിക കൃത്യനിർവഹണത്തിൻറെ ഭാഗമായി തൃശൂരിലെത്തിയ എ.ഡി.ജി.പി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ല. പ്രശ്‌നങ്ങളുണ്ടായപ്പോൾ റവന്യൂമന്ത്രി കെ. രാജൻ വിളിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക ജോലിയുടെ ഭാഗമായി പൂരം നടക്കുമ്പോൾ തൃശൂരിലെത്തിയ അജിത് കുമാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിരുന്നു. തൃശൂർ കമീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്ക് തർക്കമുണ്ടായത് മന്ത്രി കെ. രാജൻ എ.ഡി.ജി.പിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോൾ മന്ത്രി ആദ്യം വിളിച്ചത് എ.ഡി.ജി.പിയാണ്. തൃശൂരിലുണ്ടായ എ.ഡി.ജി.പി ഫോൺ എടുക്കുകയോ പ്രശ്‌നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്. ആർ.എസ്.എസ് നേതാക്കളുമായുള്ള എം.ആർ. അജിത്കുമാറിൻറെ കൂടിക്കാഴ്ചയിൽ ഡി.ജി.പി നൽകിയ റിപ്പോർട്ടും ആഭ്യന്തരവകുപ്പിൻറെ പരിഗണനയിലാണ്.
ഇതിനിടെ ശബരിമല സന്ദർശനത്തിനിടെ ട്രാക്ടറിൽ സഞ്ചരിച്ച അജിത് കുമാറിനെതിരെ ഹൈക്കോടതിയു/ം രൂക്ഷവിമർശനമുന്നയിച്ചിരുന്നു. 2021-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ശബരിമലയിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ. എം.ആർ അജിത്ത്കുമാർ നടത്തിയത് അധികാര ദുർവിനിയോഗമായാണ് കോടതി കരുതുന്നത്. ഇതിനിടെ അജിത് കുമാർ സഞ്ചരിച്ച് ട്രാക്ടറിന്റെ ഡ്രൈവർക്കെതിരെ പമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്.