/sathyam/media/media_files/2025/09/18/ak-antony-2025-09-18-15-11-59.jpg)
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ നടന്ന അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ തെറ്റിദ്ധാരണ പരത്തിയെന്ന് ആരോപിച്ചുകൊണ്ട് എ.കെ ആന്റണി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ രഹസ്യരേഖയല്ല.
സര്‍ക്കാര്‍ പുറത്തു വിടണമെന്ന് എ.കെ. ആന്റണി ഇന്നലെ ആവശ്യപ്പെട്ട ശിവഗിരി, മാറാട് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ നിയമസഭയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുളളതാണ്.
വര്‍ഷങ്ങളായി പൊതുമണ്ഡലത്തില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് എ.കെ. ആന്റണി ആവശ്യപ്പെട്ടത്. ശിവഗിരിയിലെ പൊലീസ് ഇടപെടലിനെ കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റീസ് വി.ഭാസ്‌കരന്‍ നമ്പ്യാരുടെ റിപ്പോര്‍ട്ട് സ്വീകരിച്ച നടപടി സഹിതം നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു.
ഇതോടെ പരസ്യ രേഖയായി മാറിയ ശിവഗിരി അന്വേഷണ റിപോര്‍ട്ട് നിയമസഭയുടെ ലൈബ്രറിയിലും ഇപ്പോള്‍ ഡിജിറ്റല്‍ കോപ്പിയായി വെബ് സൈറ്റിലും ലഭ്യമാണ്.
ശിവഗിരിയിലെ പൊലീസ് ഇടപെടിലേക്ക് നയിച്ച കാര്യങ്ങളില്‍ വിവിധ മൊഴികളെ അടിസ്ഥാനമാക്കി കമ്മീഷന്‍ റിപോര്‍ട്ട് വിലയിരുത്തുന്നുണ്ട്. സന്യാസിമാര്‍ തമ്മിലുളള അധികാര തര്‍ക്കത്തിലെ കോടതി ഉത്തരവ് നടപ്പിലാക്കാനാണ് കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് ഇടപെടല്‍ വേണ്ടിവന്നത്.
ശിവഗിരിയില്‍ സംരക്ഷണ സമിതി നടത്തിവന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയും ജനറല്‍ സെക്രട്ടറി എസ്. സുവര്‍ണ കുമാര്‍ തുടങ്ങിയവര്‍ ശിവഗിരിയിലെത്തിയിരുന്നു.സംഘര്‍ഷം നടക്കുന്ന ദിവസങ്ങള്‍ക്ക് മുന്‍പ് വന്നുപോയ അബ്ദുന്നാസര്‍ മഅദനി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് മൊഴികള്‍ ഉദ്ധരിച്ച് കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
പൊലീസ് ലാത്തിചാര്‍ജ് നടന്ന ദിവസം പി.ഡി.പി ജനറല്‍ സെക്രട്ടറി സുവര്‍ണകുമാറിന് പരുക്കേറ്റിരുന്നു. സംഘര്‍ഷ ദിവസം ശിവഗിരിയില്‍ തടിച്ചു കൂടിയവരില്‍ ഗുണ്ടാ സ്വഭാവമുളള ആളുകളും ഉണ്ടായിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. സ്വാമി പ്രകാശാനന്ദ വിഭാഗവും സ്വാമി ശാശ്വതീകാനന്ദ വിഭാഗവും തമ്മിലുളള ഭിന്നതയാണ് ശിവഗിരിയില്‍ കോടതി ഇടപെടല്‍ ഉണ്ടാകാന്‍ കാരണം.
കോടതി വിധി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് 1995ല്‍ ശിവഗിരിയില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായത്. ശിവഗിരിയില്‍ പൊലീസ് അതിക്രമം നടന്നിട്ടില്ല,അക്രമാസക്തരായ ജനക്കൂട്ടമാണ് ലാത്തിചാര്‍ജിനു കാരണം. ഒന്നോ രണ്ടോ പോലീസുകാരുടെ പെരുമാറ്റം സേനയുടേതായി കാണാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ ശിവഗിരി ധര്‍മ്മ സംഘത്തെ നയിക്കുന്ന സന്യാസിമാര്‍ അത് ശരിവെക്കുന്നുമുണ്ട്. അന്നത്തെ സര്‍ക്കാര്‍ ശിവഗിരിയെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
'അന്നത്തെ സര്‍ക്കാര്‍ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തത്. പൊലീസ് നടപടി അനിവാര്യമായിരുന്നു. കോടതി നിര്‍ദേശം ഉണ്ടായിരുന്നു. ജയിച്ചു വന്നവര്‍ ഭരണം ഏറ്റു വാങ്ങാന്‍ എത്തിയിട്ടും നടന്നില്ല. അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിട്ടും വിജയിച്ചില്ല. പല ദുഷ്പ്രചരണങ്ങളും അന്നുണ്ടായി.
ചില രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ശിവഗിരിയില്‍ ഒത്തു ചേര്‍ന്നു. ശിവഗിരിക്ക് ദോഷം വരും എന്ന് കണ്ടപ്പോഴാണ് കോടതി ഇടപെടലും പൊലിസ് നടപടിയും ഉണ്ടായത്. നിയമസഭയില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാനില്ല'' ശിവഗിരിമഠാധിപതി സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.
മാറാട് കലാപം അന്വേഷിച്ച ജില്ലാ ജഡ്ജിയായിരുന്ന തോമസ്.പി.ജോസഫ് ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും നിയമസഭ വെബ്‌സൈറ്റിലുണ്ട്. അക്രമങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കി തടയുന്നതില്‍ പൊലീസിന് കഴിഞ്ഞില്ലെന്നാണ് റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
അക്രമം നേരിടാന്‍ പ്രദേശത്ത് മതിയായ സന്നാഹങ്ങള്‍ സജ്ജമായിരുന്നില്ലെന്ന കുറ്റപ്പെടുത്തലും തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിന് പിന്നിലെ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മുത്തങ്ങ വെടിവെയ്പിനെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐയുടെ റിപോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണുളളത്.
പൊലീസ് അതിക്രമവും ആദിവാസി യുവാവ് ജോഗിയുടെ മരണത്തിലേക്ക് നയിച്ച വെടിവെയ്പിനെ കുറിച്ചുമാണ് സി.ബി.ഐ അന്വേഷിച്ചത്. യു.ഡി.എഫ് ഭരണകാലത്തെ സംഭവങ്ങള്‍ സംബന്ധിച്ച് ഭരണപക്ഷം സഭയില്‍ ഉന്നയിച്ച കാര്യങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം ശക്തമാണ്.
പ്രതിരോധത്തിന് എ.കെ.ആന്റണി തന്നെ രംഗത്തിറങ്ങേണ്ടി വന്നത് നിയമസഭാ കക്ഷിയുടെ ദൌര്‍ബല്യമാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനം.