/sathyam/media/media_files/2025/09/17/ak-antony-pinarayi-2025-09-17-18-27-24.jpg)
തിരുവനന്തപുരം: ശിവഗിരി, മുത്തങ്ങ പൊലീസ് നടപടികളിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി എ.കെ ആന്റണി.
1995ൽ ശിവഗിരിയിലേക്ക് പൊലീസിനെ അയച്ചത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണെന്നും അന്നത്തെ സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ട്. സംഭവത്തിന് പിന്നാലെ സി.ബി.ഐ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ട് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറാൻ തോറ്റവർ തയാറാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതു പ്രകാരമാണ് പൊലീസിനെ അയയ്ക്കേണ്ടിവന്നത്.
കഴിഞ്ഞ 21 വർഷമായി തനിക്കെതിരെ എൽ.ഡി.എഫ് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മറുപടി പറയാമെന്നാണു കരുതിയിരുന്നതെന്നും ആന്റണി പറഞ്ഞു. എന്നാൽ ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോൾ പ്രതികരിക്കാൻ അതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നു തോന്നി.
ഇന്നലെയും എനിക്കെതിരെ വിമർശനങ്ങൾ ഉണ്ടായി. എനിക്കെതിരെ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന് ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ചാണ്.
ചെറുപ്പം മുതൽ ഏറ്റവും ആദരിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. ശിവഗിരിയിൽ പല തവണ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
ഞാൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ കാര്യമാണ് 1995 ൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ടി പൊലീസിനെ ശിവഗിരിയിലേക്ക് അയയ്ക്കേണ്ടിവന്നത്. അവിടെ ഉണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. പക്ഷേ പൊലീസിനെ അയച്ചത് ഹൈക്കോടതി നിർദേശം പാലിക്കാനാണ്.
തിരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറിയിരിക്കണം എന്നത് സർക്കാർ ചുമതലയാണെന്നും അതിനായി ക്രിമിനൽ നിയമത്തിൽ പറയുന്ന എല്ലാ അധികാരങ്ങളും പൊലീസ് പ്രയോഗിക്കണമെന്നുമാണ് കോടതി പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടേക്കു പോയത്. അതും ഉത്തരവ് വന്ന് ഉടനല്ല. 1995 ൽ ശിവഗിരിയിൽ തോറ്റ വിഭാഗക്കാർ ജയിച്ചവർക്ക് അധികാരം കൈമാറാൻ തയാറായില്ല.
സ്വാമി പ്രകാശാനന്ദയ്ക്കും കൂട്ടർക്കും അധികാരം കൈമാറിയാൽ ശിവഗിരി കാവിവൽക്കരിക്കപ്പെടും എന്നാണ് മറുവിഭാഗം പറഞ്ഞത്. പ്രകാശാനന്ദ വിഭാഗം കോടതിയിൽ പോയി അനുകൂല വിധി നേടി.
എന്നാൽ അധികാരക്കൈമാറ്റം നടന്നില്ല. ഒടുവിൽ ഹൈക്കോടതിയാണ് അധികാരക്കൈമാറ്റം നടത്തിയേ പറ്റൂ എന്നും പൊലീസ് സംരക്ഷണം നൽകണമെന്നും വ്യക്തമാക്കിയത്.
എന്നാൽ രണ്ടു തവണ പ്രകാശാനന്ദയും കൂട്ടരും എത്തിയിട്ടും മറുവിഭാഗം തടസപ്പെടുത്തി. മൂന്നാം തവണ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബാലസുബ്രഹ്മണ്യം കർശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
എന്തു പ്രത്യാഘാതമുണ്ടായാലും അധികാരക്കൈമാറ്റം നടത്തണമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ഇതിനിടയിൽ നിരവധി തവണ ഒത്തുതീർപ്പു ശ്രമങ്ങളും നടന്നിരുന്നു.
ഏതാനും ആഴ്ചകൾ കൂടി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചപ്പോൾ ഉദ്യോഗസ്ഥർ ബലിയാടുകളാകും എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് 1995 ഒക്ടോബറിൽ അവിടെ പ്രകാശാനന്ദയ്ക്കു സംരക്ഷണം ഒരുക്കി പൊലീസ് എത്തിയത്.
തുടർന്ന് അധികാരക്കൈമാറ്റം നടത്തുകയും ചെയ്തു. അവിടെ അതിനെ എതിർത്ത് ഒത്തുകൂടിയവർ ആരൊക്കെയാണെന്ന് ഞാൻ പറയുന്നില്ല. ഇതൊന്നും സർക്കാർ പെട്ടെന്നു നടപ്പാക്കിയതല്ലെന്നും എ.കെ.ആന്റണി പറഞ്ഞു.
മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ട്. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്.
അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി. സി.ബി.ഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ചോദിച്ച എ.കെ ആൻറണി അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.