Advertisment

പൊലീസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പി വി അൻവർ ഉയർത്തിയത്; മുഖ്യമന്ത്രി കർശന തീരുമാനമാണ് സ്വീകരിച്ചത്'; അന്വേഷണത്തിന് ഡിജിപിയെ തന്നെ ചുമതലപ്പെടുത്തി, കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയാണെന്ന് എ കെ ബാലൻ

യുഡിഎഫ് ഭരണകാലത്ത് ഐജി ടി കെ ജോസ് കോപ്പിയടിച്ചതിന് പിടിക്കപ്പെട്ടതെല്ലാം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

New Update
ak balann

പാലക്കാട്: പിണറായി വിജയന്റെ കാലത്താണ് പൊലീസ് ഒരുപാട് അംഗീകാരങ്ങള്‍ നേടിയതെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍.

Advertisment

കേരള പൊലീസില്‍ മുമ്പ് കുത്തഴിഞ്ഞ സ്ഥിതിയായിരുന്നു. കോണ്‍ഗ്രസിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് മുമ്പുണ്ടായിരുന്നു. കരുണാകരന്റെ കാലത്ത് വികൃതപ്പെട്ട പൊലീസ് സേനയെ കേരളം മറന്നിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു. 

ഗുരുതരമായ അഭ്യന്തര വീഴ്ചകളായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നതെന്നും യുഡിഎഫ് ഭരണകാലത്ത് ഐജി ടി കെ ജോസ് കോപ്പിയടിച്ചതിന് പിടിക്കപ്പെട്ടതെല്ലാം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കോട്ട്‌ലാന്‍ഡ് മാതൃകയിലുള്ളതായിരുന്നു തങ്ങളുടെ കാലത്തെ പൊലീസ് എന്നാണ് വി ഡി സതീശന്‍ പറയുന്നതെന്ന് പറഞ്ഞ എകെ ബാലന്‍ യഥാര്‍ത്തത്തില്‍ പിണറായി വിജയന്റെ കാലത്താണ് പൊലീസ് ഒരുപാട് അംഗീകാരങ്ങള്‍ നേടിയതെന്നും പറഞ്ഞു.

പൊലീസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി വ്യക്തവും കര്‍ശനവുമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്.

അന്വേഷണത്തിന് ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുന്ന മാതൃകാ സമീപനമാണ് അതെന്നും കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയാണെന്നും എ കെ ബാലന്‍ പറഞ്ഞു.

 

 

Advertisment