വയനാട്ടിലേത് കർണാടകയിൽ നിന്നുള്ള കടുവയാണെന്നത് അഭ്യൂഹം. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല: മന്ത്രി എ കെ ശശീന്ദ്രൻ

New Update
ak sasi Untitled111.jpg

കോഴിക്കോട്: വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവ കർണാടകയിൽ നിന്നുള്ളതാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെന്നും വസ്തുതകൾ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടാവുകയുള്ളൂ എന്നും വനംമന്ത്രി എ. കെ. ശശീന്ദ്രൻ. 

Advertisment

സംസ്ഥാനങ്ങൾ തമ്മിലുള്ള സൗഹൃദ അന്തരീക്ഷം നിലനിർത്തേണ്ടത് പ്രധാനമാണ്. വസ്തുതയുണ്ടെങ്കിൽ മന്ത്രിതലത്തിൽ ചർച്ച നടത്തി വിഷയം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും കാലതാമസമില്ലാതെ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ നിരീക്ഷണം ശക്തമാണെന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു അമാന്തവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. കടുവയുടെ ആക്രമണത്തിൽ മരിച്ചവർക്ക് നിയമപ്രകാരം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്.

യഥാർത്ഥ പിന്തുടർച്ചാവകാശികൾ രേഖകൾ ഹാജരാക്കിയാൽ ഒരു മണിക്കൂറിനുള്ളിൽ തുക നൽകും. രേഖകൾ തയ്യാറാക്കുന്നതിലെ കാലതാമസം വനംവകുപ്പിന്റെ പക്കൽ നിന്നുള്ളതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. കൃഷിനാശത്തിന്റെ കാര്യത്തിൽ കൃഷിവകുപ്പുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കും. 

വനമേഖലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ആർആർടി സംഘത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കടുവകളുടെ പ്രജനന കാലമായതിനാൽ കൂടുതൽ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment