ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് വീണ്ടും മത്സരിക്കാനുള്ള മന്ത്രി എ.കെ ശശീന്ദ്രന്റെ നീക്കത്തിനെതിരെ എൻസിപിയിൽ പടയൊരുക്കം. എലത്തൂരിൽ ശശീന്ദ്രനെ മാറ്റണമെന്ന് ജില്ലാ നേതൃത്വം. താൻ മത്സരിച്ചില്ലെങ്കിൽ ആരും മത്സരിക്കണ്ടെന്ന നിലപാടിൽ ശശീന്ദ്രനും. മന്ത്രി മുഹമ്മദ് റിയാസിൻ്റ വിശ്വസ്തന് വേണ്ടി സീറ്റ് കൈവശപ്പെടുത്താൻ സിപിഎം നീക്കവും സജീവം

New Update
A K SASEENDRAN1

കോഴിക്കോട്: അനാരോഗ്യം വകവെക്കാതെ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന മുതിർന്ന നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം. 

Advertisment

ശശീന്ദ്രന്റെ തട്ടകമായ കോഴിക്കോട് നിന്ന് തന്നെയാണ് അദ്ദേഹത്തിന് എതിരെ പരസ്യ നീക്കം ആരംഭിച്ചിരിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന എ.കെ ശശീന്ദ്രൻ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നതിനെതിരെയാണ് പാർട്ടി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള വിഭാഗം നീക്കം നടത്തുന്നത്.

ak saseendran


എ.കെ.ശശീന്ദ്രൻ എലത്തൂരിൽ വീണ്ടും മത്സരിക്കുമെന്ന് പാർട്ടിയിൽ ആരും കരുതുന്നില്ലെന്ന് ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദ് മാധ്യമങ്ങളോട് തുറന്നടിച്ചു. 


കുറുക്ക് വഴിയിലൂടെ മത്സര രംഗത്തേക്ക് ഇറങ്ങുമെന്ന് കരുതുന്നില്ലെന്നും ജില്ലാ അധ്യക്ഷൻ പറഞ്ഞതോടെ ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിന് എതിരായ നീക്കം തുറന്നപോരിലേക്ക് എത്തി. 

ഏത് പ്രതികൂല തരംഗത്തിലും തകരാത്ത ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായ എലത്തൂർ മണ്ഡലത്തിൽ ജില്ലയിൽ നിന്ന് തന്നെയുളള മറ്റൊരാളെ മത്സരിപ്പിക്കുക എന്നതാണ് ജില്ലാ നേതൃത്വത്തിൻ്റെ മനസ്സിലുളളത്.

ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദിന് തന്നെ സീറ്റിൽ നോട്ടമുണ്ട്. എൻസിപിയിൽ തർക്കം മുറുകുന്നത് കൺ പാർത്തിരിക്കുന്ന സിപിഎമ്മിൽ സീറ്റ് ഏറ്റെടുക്കാനുളള ചർച്ചകൾ സജീവമാണ്.

Waseef | അമാന എംബ്രേസിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയെ ഭീകരവാദ  കേന്ദ്രമാക്കാൻ മുസ്ലീം ലീഗ് ശ്രമം


മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റ വിശ്വസ്തനും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റുമായ വി. വസീഫാണ് എലത്തൂർ സീറ്റിൽ കണ്ണു വെച്ച് ഇറങ്ങിയിരിക്കുന്നത്. 


സമീപ കാലത്ത് എലത്തൂർ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ വസീഫ് പങ്കെടുക്കുന്നുണ്ട്. പാർട്ടിയിലെ സീറ്റ് തർക്കം മുതലാക്കി സി.പി.എം സീറ്റ് അടിച്ചെടുക്കുമെന്ന ആശങ്കയും എൻസിപിയിൽ ശക്തമാണ്.

ഏഴ് തവണ മത്സരിച്ച് ആറ് തവണ എംഎൽഎയും തുടർച്ചയായി പത്ത് വർഷം മന്ത്രിയുമായിരുന്ന എ.കെ ശശീന്ദ്രൻ ഇനി മാറി നിൽക്കട്ടേയെന്നാണ് എൻസിപിയിലെ ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം. 

നന്നായി നടക്കാനോ പരസഹായം കൂടാതെ സ്വന്തം കാര്യങ്ങൾ പോലും നിർവ്വഹിക്കാനോ ശശീന്ദ്രന് കഴിയുന്നില്ല. കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാൻ എ.കെ.ജി സെൻ്ററിൽ എത്തിയ ശശീന്ദ്രനെ ഗൺമാനും പി.എയും ചേർന്ന് പിടിച്ചാണ് പടികൾ കയറ്റിയത്. 

ak sasindran pinarai vijayan

ആരോഗ്യസ്ഥിതി മോശമായിട്ടും വീണ്ടും അധികാരത്തിൽ കടിച്ചു തിന്നാൻ ശ്രമിക്കുന്നത് ശരിയല്ലെന്നാണ് പാർട്ടിയിലെ എതിരാളികൾ പറയുന്നത്.

മന്ത്രിയായിരിക്കുമ്പോൾ തന്നെ പാർലമെൻ്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചാൽ മാന്യമായി വിരമിക്കലിനുളള അവസരം ശശീന്ദ്രന് ലഭിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

മത്സരിക്കുന്നതിന് എതിരെ സ്വന്തം തട്ടകത്തിൽ നിന്ന് തന്നെ എതിർപ്പുയർന്നിട്ടും വീണ്ടും മത്സരിക്കാൻ തന്നെയാണ് എ.കെ ശശീന്ദ്രന്റെ തീരുമാനം. താൻ മത്സരിക്കാത്ത പക്ഷം സീറ്റ് തന്നെ പാർട്ടിക്ക് നഷ്ടമാകും എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് ശശീന്ദ്രൻ എലത്തൂരിൽ വീണ്ടും ജനവിധി തേടാൻ ഇറങ്ങുന്നത്.


മുഖ്യമന്ത്രി പിണറായി വിജയനും എ കെ ശശീന്ദ്രനും തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഉറച്ച ഇടതു സീറ്റായ എലത്തൂർ എൻസിപിക്ക് ലഭിക്കുന്നത്.


എൻസിപി നേതാവായ എ.സി ഷൺമുഖദാസ് മത്സരിച്ചിരുന്ന ബാലുശ്ശേരി മണ്ഡലം സംവരണ സീറ്റായി മാറിയ പശ്ചാത്തലത്തിൽ ആയിരുന്നു എലത്തൂർ നൽകിയത്. 

എന്നാൽ ശശീന്ദ്രൻ മത്സരിക്കാത്ത പക്ഷം ഉറച്ച സീറ്റായ എലത്തൂർ എൻ സി പിക്ക് നൽകാനിടയില്ല. പകരം സീറ്റ് നൽകിയാൽ തന്നെ ജയസാധ്യത കുറഞ്ഞ ഏതെങ്കിലും സീറ്റ് കൊടുക്കാനാണ് സാധ്യത. 

a k saseendran

ശശീന്ദ്രൻ മത്സരിക്കാത്ത പക്ഷം സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ ഡിവൈഎഫ്ഐ നേതാവ് വി വസീഫ് എലത്തൂരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

സീറ്റ് ലഭിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് വസീഫ് എലത്തൂരിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു സജീവമായി നിൽക്കുന്നുണ്ട്.

Advertisment