തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മാറ്റി തോമസ്.കെ.തോമസിന് മന്ത്രിസ്ഥാനം നൽകാനുളള നീക്കം മുഖ്യമന്ത്രിയെ അറിയിച്ച് എൻ.സി.പി നേതൃത്വം. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയാണ് മന്ത്രി സ്ഥാനം വീതം വെക്കാനുളള നീക്കം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്.
മന്ത്രിസ്ഥാന മാറ്റം എൻ.സി.പിയുടെ ആഭ്യന്തര കാര്യമാണെന്നും മുന്നണി നേതൃത്വം അതിൽ ഇടപെടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ സംബന്ധിച്ച് എ.കെ.ശശീന്ദ്രനുമായും സംസ്ഥാന നേതൃത്വം ചർച്ച നടത്തി.
സംസ്ഥാന അധ്യക്ഷൻ നിർദ്ദേശിച്ചത് പ്രകാരം നാലംഗ സമിതിയാണ് എ.കെ.ശശീന്ദ്രനുമായി ചർച്ച നടത്തിയത്. അവശേഷിക്കുന്ന ഒന്നര വർഷം മന്ത്രിസ്ഥാനം തോമസ്.കെ.തോമസിന് നൽകാനുളള ധാരണ അംഗീകരിക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടത്.
എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനുളള നീക്കത്തെ ശശീന്ദ്രൻ ശക്തമായി എതിർത്തു. മന്ത്രിസ്ഥാനം വീതം വെയ്ക്കാൻ ധാരണയില്ലെന്നും നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ശശീന്ദ്രൻ നാലംഗ സമിതിയെ അറിയിച്ചത്.
എതിർപ്പ് അവഗണിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനാണ് തീരുമാനമെങ്കിൽ നിയമസഭാംഗത്വവും രാജി വെക്കുമെന്നാണ് ശശീന്ദ്രൻെറ ഭീഷണി. മന്ത്രി സ്ഥാനം വീതം വെയ്ക്കുന്നതിനെ ചൊല്ലി സംസ്ഥാന ഘടകത്തിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ അന്തിമ തീരുമാനം ദേശിയ അധ്യക്ഷൻ ശരത് പവാറാകും കൈക്കൊളളുക.
മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്കായി പവാർ വിളിപ്പിച്ചത് അനുസരിച്ച് തോമസ്.കെ.തോമസ് ഇന്ന് മുംബൈക്ക് പോകും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയേയും ശരത് പവാർ, മുംബൈക്ക് വിളിപ്പിച്ചിട്ടുണ്ട്.
ചാക്കോയുടെ മുംബൈ യാത്രയും ഇന്നുണ്ടായേക്കും. സമവായ ചർച്ചകൾക്കായി എ.കെ.ശശീന്ദ്രനെയും ശരത് പവാർ കൂടിക്കാഴ്ചക്ക് വിളിപ്പിച്ചേക്കും.എന്നാൽ മുംബൈക്ക് പോകുന്നകാര്യം ആലോചിച്ചിട്ടില്ല എന്നാണ് എ.കെ.ശശീന്ദ്രൻെറ പ്രതികരണം.
മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയാൽ പാർട്ടി പിളർത്താനാണ് ശശീന്ദ്രൻെറ നീക്കമെന്നും സൂചനയുണ്ട്. മന്ത്രി സ്ഥാനം വീതം വെയ്ക്കുന്ന തീരുമാനം കേരളത്തിലെ നേതാക്കൾക്കിടയിലെ യോജിപ്പ് നഷ്ടപ്പെടാതെ കൈക്കൊളളണമെന്നാണ് എൻ.സി.പി ദേശിയ നേതൃത്വത്തിൻെറ താൽപര്യം.
ഇതിൻെറ ഭാഗമായാണ് പി.സി.ചാക്കേയേയും എ.കെ.ശശീന്ദ്രനെയും തോമസ് കെ തോമസിനെയും ഒരുമിച്ചിരുത്തി ചർച്ച നടത്തുന്നതിനായി മൂവരെയും മുംബൈയിലേക്ക് വിളിപ്പിക്കുന്നത്. 2021ൽ രണ്ടാം പിണറായി മന്ത്രിസഭാ രൂപീകരണ വേളയിൽ പാർട്ടി മന്ത്രിയായി എ.കെ.ശശീന്ദ്രനെ തീരുമാനിക്കുമ്പോൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം വീതം വെയ്ക്കാൻ ധാരണയുണ്ടായിരുന്നു.
ദേശിയ നേതൃത്വത്തിൻെറ പ്രതിനിധിയായി എത്തിയ പ്രഫുൽ പട്ടേലിൻെറ സാന്നിധ്യത്തിലായിരുന്നു ധാരണയെന്നാണ് തോമസ്.കെ.തോമസിൻെറ വാദം. എന്നാൽ മന്ത്രിസ്ഥാനം വീതം വെക്കാൻ ധാരണ ഉണ്ടായിട്ടില്ലെന്നാണ് എ.കെ.ശശീന്ദ്രൻെറ എതിർവാദം.
വസ്തുത എന്തെന്ന് വ്യക്തമാക്കാൻ പ്രഫുൽ പട്ടേലിന് മാത്രമേ കഴിയു. എന്നാൽ മഹാരാഷ്ട്രയിലെ എൻ.സി.പിയിലെ കൊട്ടാര വിപ്ളവത്തിന് ഒടുവിൽ പ്രഫുൽ പട്ടേൽ വിമത പക്ഷത്താണ്.അജിത് പവാർ വിഭാഗത്തിലെ മുൻനിര നേതാവായ പ്രഫുൽ പട്ടേലുമായി ബന്ധപ്പെടുന്നതിന് നേതാക്കളെ വിലക്കിയിട്ടുമുണ്ട്.
ധാരണ ഉണ്ടെന്ന് അഭിപ്രായത്തിലേക്ക് ദേശിയ അധ്യക്ഷൻ കൂടി വന്നതോടെയാണ് തോമസ് കെ.തോമസിന് കാര്യങ്ങൾ അനുകൂലമായത്. ഇനി അവശേഷിക്കുന്ന ഒന്നര കൊല്ലം തോമസ്.കെ. തോമസ് മന്ത്രിയാകട്ടെ എന്നാണ് ശരത് പവാറിൻെറ നിലപാട്.
ദേശിയ നേതൃത്വത്തിൻെറ നിലപാടും തോമസ്.കെ.തോമസിന് അനുകൂലമാണെന്ന് വന്നതോടെയാണ് നേരത്തെ തോമസ്.കെ.തോമസ് മന്ത്രിയാകുന്നതിനെ എതിർത്തിരുന്ന പി.സി.ചാക്കോയും നിലപാട് മാറ്റിയത്.
തിങ്കളാഴ്ച എറണാകുളത്ത് നടന്ന ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയാണ് എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി, തോമസ്.കെ.തോമസിന് അവസരം നൽകാമെന്ന നിർദ്ദേശം വെച്ചത്.
യോഗത്തിൽ പങ്കെടുത്ത 10 ജില്ലാ അധ്യക്ഷന്മാരിൽ കോഴിക്കോട് ജില്ലാ അധ്യക്ഷൻ ഒഴിച്ച് എല്ലാവരും നിർദേശത്തെ അനുകൂലിച്ചിരുന്നു. മുംബൈയിലെ ചർച്ചകൾക്ക് ശേഷം തോമസ്.കെ.തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ശരത് പവാർ മുഖ്യമന്ത്രിക്ക് വൈകാതെ കത്ത് നൽകിയേക്കും.
മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതിനോട് ഇടഞ്‍ഞുനിൽക്കുന്ന ശശീന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകി സമവായം ഉണ്ടാക്കാനാണ് ആലോചന.