/sathyam/media/media_files/2025/09/10/cpi-state-conference-2025-09-10-19-18-45.jpg)
ആലപ്പുഴ: സർക്കാരിൻ്റെ വികസന നയങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഐ. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉള്ളത്.
സർക്കാരിൻറെ മുൻഗണനയിൽ അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണന ഇല്ല എന്നതാണ് പ്രധാന വിമർശനം. വിവിധ ക്ഷേമ ബോർഡുകളും കർഷക കടാശ്വാസ കമ്മീഷനും പണം ലഭ്യത കുറവുമൂലം സ്തംഭനാവസ്ഥയിൽ ആണെന്നും റിപ്പോർട്ട് വിമർശിക്കുന്നു. പൊതുമേഖലയിൽ നിയമനങ്ങൾ നടക്കുന്നില്ല എന്നും വിമർശനമുണ്ട്.
എല്ലാ നിയമങ്ങളും മറികടന്നാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് നടപ്പാക്കുന്നതെന്നും സിപിഐ വിമർശിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും അത് നേതൃത്വം നൽകുന്ന സർക്കാരിന്റെയും ജനകീയ അടിത്തറ തൊഴിലാളികളും കർഷകരും പാവപ്പെട്ടവരും അടങ്ങുന്ന ജനവിഭാഗങ്ങളാണ്.
അടിസ്ഥാന ജനവിഭാഗങ്ങളുടെ വിഷയങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ല എന്ന വിമർശനം ഗൗരവത്തോടെ കാണേണ്ടതാണ്.
വിഭവ വിതരണവും പദ്ധതികളും മുൻഗണന നിശ്ചയിച്ചു നടപ്പിലാക്കണം. തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ തുടങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറയായ ജനവിഭാഗങ്ങളുടെ താല്പര്യത്തിന് കൂടുതൽ ഊന്നൽ നൽകിയ ആവണം വികസന പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ എന്നാണ് പ്രവർത്തന റിപ്പോർട്ടിലെ ആവശ്യം.
വിവിധ ക്ഷേമ ബോർഡുകളുടെ പ്രവർത്തനങ്ങളും കർഷകരെ കടക്കണിയിൽ നിന്ന് സംരക്ഷിക്കുന്ന കടാശ്വാസ കമ്മീഷനും പണത്തിന്റെ ലഭ്യത കുറവുമൂലം സ്തംഭനാവസ്ഥയിലാണ്.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിച്ച് കർഷകർക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കും എന്നത് സർക്കാരിൻറെ പ്രഖ്യാപനമായിരുന്നു. കർഷകർക്ക് ഇക്കാര്യത്തിൽ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. ബോർഡ് രൂപീകരിച്ചെങ്കിലും പദ്ധതികളൊന്നും നടപ്പിലാക്കിയില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തയ്യാറാകാത്തത് കർഷകർക്കിടയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്
സംഭരിച്ച നെല്ലിൻറെ വില ലഭിക്കാത്തതിൽ കർഷകർ വലിയ പ്രയാസത്തിലാണ്. പണം ലഭ്യമാക്കുന്നതിനുള്ള മാർഗം കണ്ടെത്തണം എന്നും പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെടുന്നു.
പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. അവരുടെ ക്ഷേമത്തിനായി പദ്ധതികൾ തയ്യാറാക്കാൻ പണമില്ലാത്തത് തടസ്സങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും പ്രവർത്തനം റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വിദേശമദ്യ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യവും പരിഗണനയും കള്ള് ചെത്ത് മേഖലയ്ക്ക് ലഭിക്കുന്നില്ല. കേരളത്തിലെ ഏറ്റവും വിപുലമായ തൊഴിൽ മേഖലയായ കള്ള് ചെത്ത് മേഖലയെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ടോഡി ബോർഡിൻ്റെ പ്രവർത്തനം മുന്നോട്ടു പോകുന്നില്ലെന്നും സിപിഐ വിമർശിക്കുന്നു.
പരമ്പരാഗത വ്യവസായങ്ങൾ ആധുനികവൽക്കരിച്ച് ആ മേഖലയെ ശക്തിപ്പെടുത്തണമെന്നാണ് സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെടുന്നത്.
പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും മേഖലയുടെ തകർച്ച മൂലം ഏറെ പ്രയാസത്തിലാണ്. പരമ്പരാഗത വ്യവസായ മേഖലകളിലെ പ്രതിസന്ധി മൂലം 5 ലക്ഷത്തിൽ അധികം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി പഠനങ്ങൾ ഉണ്ടെന്നും പ്രവർത്തനം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലയിലെ പ്രധാന സ്ഥാപനങ്ങൾ ആയ കെഎസ്ആർടിസി കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി എന്നിവയിൽ നിയമനങ്ങൾ കുറഞ്ഞു വരുകയാണെന്നും റിപ്പോർട്ട് വിമർശിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ പുതിയ നിയമനങ്ങൾ നടക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
എല്ലാ നിയമങ്ങളും മറികടന്ന് ഈസ് ഓഫ് ബിസിനസ് - ലൂടെ വികസനനയം നടപ്പാക്കുന്നതായി വിമർശനം ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്. എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ,ഭരണ, വികസന നയങ്ങൾക്ക് അനുസൃതമായി ഗവൺമെന്റിന്റെ ഭരണം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നും സിപിഐ ആവശ്യപ്പെടുന്നു.
അടിസ്ഥാന വർഗ്ഗത്തിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്നും പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെടുന്നു.