/sathyam/media/media_files/2025/09/10/cpi-state-conference-2-2025-09-10-19-58-43.jpg)
ആലപ്പുഴ: തൃശ്ശൂരിൽ ബിജെപി വിജയിച്ചത് അതീവ ഗൗരവതരമായവിഷയമാണെന്ന് സിപിഐ. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി നേടിയ വമ്പൻ വിജയത്തെ ഗൗരവ തരം എന്ന വിശേഷിപ്പിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും രാഷ്ട്രീയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ നിരവധി നിയമസഭ ബിജെപി ഗണ്യമായ വോട്ട് നേടിയതും ഗൗരവമായി കാണണം.
തൃശ്ശൂർ പാർലമെൻറ് തിരഞ്ഞെടുപ്പിലെ ബിജെപി വിജയവും ചില അസംബ്ലി മണ്ഡലങ്ങളിലും അവർക്ക് ലഭിച്ച മുൻകൈയും കേരളത്തിൻറെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വന്ന വിഷയമാത്മക മാറ്റമാണെന്നും രാഷ്ട്രീയ റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്.
പാർലമെൻറ് തിരഞ്ഞെടുപ്പിലെ അനുഭവത്തിൻറെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് ഏറെ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും രാഷ്ട്രീയ റിപ്പോർട്ട് ആവശ്യപ്പെടുന്നു.
മുന്നണിയിൽ നിന്ന് അകന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്നതിനും ഒപ്പം അണിനിരത്തുന്നതിനും സൂക്ഷ്മതലത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതക്കെതിരെ ശക്തമായ പോരാട്ടം നടത്തണം എന്നതാണ് രാഷ്ട്രീയ റിപ്പോർട്ടിലെ മറ്റൊരു പ്രധാന ആവശ്യം. ഇസ്ലാമിക തീവ്ര വർഗീയ ശക്തികളും കാസയും വർഗീയ ചേരി ഉണ്ടാക്കുന്നതിനായി ശ്രമം നടത്തുന്നു.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം രാജ്യത്ത് ഉയർത്തുന്ന ശക്തികളുണ്ട്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ ശക്തികളുടെ ലക്ഷ്യവും വർഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ്.
ഈ സാഹചര്യത്തിൽ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതക്കെതിരെ ശക്തമായ പോരാട്ടം ആണ് നടത്തേണ്ടതെന്ന് രാഷ്ട്രീയ റിപ്പോർട്ട് ആവശ്യപ്പെടുന്നു.
കഴിഞ്ഞ കുറെ വർഷമായി കേരളത്തിലെ ജനങ്ങളുടെ ബോധത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആഭിചാരക്രിയകളും നിരോധിച്ചുകൊണ്ടുള്ള ഒരു നിയമനിർമ്മാണത്തിന് ഇനിയും അമാന്തിച്ചു കൂടാ എന്നും രാഷ്ട്രീയ റിപ്പോർട്ട് പറയുന്നുണ്ട്.
കേരളത്തിലെ ജനങ്ങളിൽ മതനിരപേക്ഷ ബോധം ഇല്ലാതാക്കി ഹിന്ദുത്വ അടിസ്ഥാനത്തിലുള്ള ചിന്താഗതി വളർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ആശയ തലത്തിലുള്ള ആസൂത്രിതമായ ഇടപെടലിലൂടെയാണ് അവർ മുന്നോട്ടുപോകുന്നതെന്നും രാഷ്ട്രീയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കുട്ടികളെയും യുവാക്കളെയും സ്ത്രീകളെയും കേന്ദ്രീകരിച്ച് ആത്മീയ തലത്തിൽ വലിയതോതിൽ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുണ്ട്.
ആരാധനാലയങ്ങളെ ഉൾപ്പെടെ കേന്ദ്രമാക്കി കേരളത്തിലെ ജനങ്ങളുടെ ചിന്താഗതി മാറ്റിമറിക്കാനും സംഘപരിവാർ ക്ഷമിക്കുന്നതായി രാഷ്ട്രീയ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഭാരതാംബിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർത്ഥന നടത്തണമെന്ന ഗവർണറുടെ ആവശ്യം നിരാകരിച്ച കൃഷിമന്ത്രി പി പ്രസാദിനെ രാഷ്ട്രീയ റിപ്പോർട്ട് അഭിനന്ദിക്കുന്നുണ്ട്. '' ഗവർണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തിൽ കൈ കടത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരള ഗവൺമെന്റിനെതിരെ നടത്തുന്ന പ്രചരണങ്ങൾ അതാണ് കാണിക്കുന്നത്. സംസ്ഥാന ഗവർണർ സർവ്വകലാശാല പ്രശ്നങ്ങളിൽ ഇടപെടുകയാണ്. ആർഎസ്എസ് ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള കേന്ദ്രമായി രാജ് ഭവൻ മാറുകയാണ് ചെയ്യുന്നത്.
ഭാരതാംബയെ ആർഎസ്എസ് പ്രതീകമായി ഉയർത്തി ഗവർണർ രാജ് ഭവനിൽ നടത്തിയ നാടകം അതിൻറെ ഭാഗമാണ്. കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ ഗവർണറുടെ സംഘപരിവാർ അജണ്ട തുറന്നു കാണപ്പെട്ടു" രാഷ്ട്രീയ റിപ്പോർട്ട് പറയുന്നു.
സംസ്ഥാനത്തെ സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്തണമെന്നും സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. സഹകരണ മേഖലയിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണമെന്നാണ് ആവശ്യം.
സഹകരണ രംഗത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സിപിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.