/sathyam/media/media_files/2025/10/04/doctors-protest-2025-10-04-23-02-44.jpg)
ആലപ്പുഴ: ശമ്പളപരിഷ്കരണത്തിലെ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, എൻട്രി കേഡറിൽ നിലനിൽക്കുന്ന ശമ്പളക്കുറവ് പരിഹരിക്കുക, ശമ്പളപരിഷ്കരണത്തിലെ മറ്റ് അപാകതകൾ തിരുത്തുക, ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങളും ഉദ്യോഗക്കയറ്റങ്ങളും നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ തുടർച്ചായ അവഗണന കാണിക്കുന്നതിനെതിരെ, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ)യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൈകുന്നേരം 6.30-ന് ആരംഭിച്ച പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാബീഗം ടി. ഉദ്ഘാടനം ചെയ്തു.
സർക്കാർ പല തവണ നൽകിയ ഉറപ്പുകൾ പാലിക്കാതെ തുടരുമ്പോൾ സംഘടനയെ പ്രതിഷേധ മാർഗത്തിലേക്ക് എത്തിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ശമ്പളപരിഷ്കരണത്തിലെ അപാകതകൾ കഴിഞ്ഞ അഞ്ചു വർഷമായി നിരന്തരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതിഷേധം ആരംഭിച്ചതിന് ശേഷമുള്ള രണ്ട് മന്ത്രിസഭായോഗങ്ങളിലും പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ലന്നും അവർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലായി തിരുവനന്തപുരത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ. ആര്‍ ഷിബു, കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.ടി, ജനറൽ സെക്രട്ടറി ഡോ. സി. എസ്. അരവിന്ദ്, കോട്ടയത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ. ഫ്രഡറിക്ക് പോൾ, ആലപ്പുഴയിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. സജയ്, തൃശ്ശൂരിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ബിനോയ് ഇ.ബി, എർണാകുളത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ. കെ. ഇന്ദിര, കൊല്ലത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ. എം. നിസ്സാമുദ്ദീൻ, ഇടുക്കിയിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജി.എസ് രാംകുമാർ, മഞ്ചേരിയിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. റെനീ ഐസക്, കാസർഗോഡ് ഡോ. എം. രവീന്ദ്രൻ, കോന്നി ഡോ. സി.കെ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നു.
കേരള മെഡിക്കൽ പി.ജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയൻ എന്നീ സംഘടനകളുടെ പ്രതിനിധികളും സജീവമായി പങ്കെടുത്തു.
തുടർപ്രതിഷേധ പരിപാടിയായി ഒക്ടോബർ 6 തിങ്കളാഴ്ച എല്ലാ മെഡിക്കൽ കോളേജുകളിലും ഉച്ചയ്ക്ക് ഒരു മണിമുതൽ രണ്ട് മണിവരെ ധർണ്ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരപരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാബീഗം ടി.യും ജനറൽ സെക്രട്ടറി ഡോ. സി. എസ്. അരവിന്ദും അറിയിച്ചു.