/sathyam/media/media_files/2025/10/29/m-b-rajesh-2025-10-29-00-43-23.png)
ആലപ്പുഴ: കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞവർക്ക് പിഴയായി ചുമത്തിയത് 8. 55 കോടി രൂപയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കായംകുളം നഗരസഭയിൽ നിർമ്മാണം പൂർത്തികരിച്ച ജൈവമാലിന്യ സംസ്ക്കരണ പ്ലാൻ്റിൻ്റെയും മൊബൈൽ ശുചിമുറി മാലിന്യ പ്ലാൻ്റിൻ്റെയും ഉദ്ഘാടനം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് മൈതാനത്തുനടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റോഡുകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് വീഡിയോ എടുത്ത് അധികൃതരെ അറിയിച്ചാൽ ചുമത്തുന്ന പിഴത്തുകയുടെ നാല് ശതമാനം വിവരമറിയിക്കുന്ന വ്യക്തികൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെപ്പറ്റി ധാരാളം തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ കായംകുളം നഗരസഭയിലെ മാലിന്യ സംസ്കരണ പ്ലാന്റുകൾ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കണമെന്ന് നഗരസഭ അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.
വ്യക്തികളുടെ ആധികാരിക രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന ഡീഡ് (ഡിജിറ്റലൈസേഷൻ ഓഫ് എവരി എസെൻഷ്യൽ ഡോക്യൂമെന്റ്സ്) പദ്ധതിയുടെ തദ്ദേശതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കായംകുളം പട്ടണം സമ്പൂർണ്ണ മാലിന്യമുക്ത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ജൈവമാലിന്യ സംസ്‌കരണ പ്ലാൻ്റ് നിർമിച്ചത്.
നഗരസഭ 23-ാം വാർഡിലെ നാലര ഏക്കർ സ്ഥലത്ത് മൂന്നര കോടിരൂപ മുടക്കിയാണ് നിർമ്മാണം. ആറ് ടൺ മാലിന്യം ദിവസേന ഇതിലൂടെ സാംസ്‌കാരിക്കാൻ സാധിക്കും.
നൂറു ശതമാനം പരിസ്ഥിതി സൗഹൃദമായി പ്രവർത്തിക്കുന്ന പ്ലാന്റിലൂടെ ഏഴു മുതൽ 10 ദിവസത്തിനകം ജൈവമാലിന്യം ഗുണമേന്മയുള്ള വളമാക്കിമാറ്റാൻ സാധിക്കും.
ശുചിമുറി മാലിന്യംമൂലം കിണറുകളിലും ജലാശയങ്ങളിലും കോളിഫോം ബാക്ടീരിയ രൂക്ഷമാകുന്നതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ശുചിമുറി മാലിന്യ സംസ്‌കരണ മൊബൈൽ പ്ലാൻ്റ് വാങ്ങിയത്.
വീടുകളിലെത്തി ശുചിമുറി മാലിന്യം ശേഖരിച്ച് അവിടെവെച്ച് തന്നെ സംസ്കരിക്കുന്ന പദ്ധതിയാണിത്.
ചടങ്ങിൽ അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. നഗരസഭാധ്യക്ഷ പി ശശികല, നഗരസഭ ഉപാധ്യക്ഷൻ ജെ ആദർശ്, സെക്രട്ടറി അഡ്വ. എസ് സനിൽ, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ഫർസാന ഹബീബ്, മായാദേവി, എസ് കേശുനാഥ്, പി എസ് സുൽഫിക്കർ, ഷാമില അനിമോൻ, ഹരിതകർമ്മസേനാഗംങ്ങൾ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us