ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വള്ളം കളി ഉദ്ഘാടനം ചെയ്യും. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.
രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം അഞ്ച് ഹീസ്റ്റുകളിലായായിരിക്കും ചുണ്ടൻ വള്ളങ്ങളുടെ മത്സരം. വൈകീട്ട് 5:30ന് പൂർത്തിയാകുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികൾ. വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ച വള്ളംകളി ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരംഭിക്കുന്നത്. ആവേശത്തുഴയെറിയാൻ നിമിഷങ്ങൾ മാത്രം കാത്തിരിക്കെ പുന്നമടക്കായലിലേക്ക് മത്സരം കാണാൻ വിദേശികളുൾപ്പെടെയുള്ള ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി.